
“നിനക്ക് ഞാൻ ഒരു ചാൻസ് തരാം”; ഉദ്വേഗം നിറച്ച് തീർപ്പിന്റെ ടീസർ
- Videos
പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ത്രില്ലർ ചിത്രം ‘തീർപ്പി’ന്റെ പുതിയ ടീസർ റിലീസ് ചെയ്തു. ഫ്രൈഡേ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. സിനിമയെക്കുറിച്ച് വ്യക്തമായ സൂചനകൾ ഒന്നും ടീസർ നൽകുന്നില്ല. കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
കുറച്ച് സുഹൃത്തുക്കളുടെ കുട്ടിക്കാലവും അവരുടെ ഇപ്പോഴത്തെ ജീവിതവും കൂട്ടിയിണക്കിയാണ് ടീസറിൽ കാണിച്ചിരിക്കുന്നത്. ചിത്രത്തിൻറെ ആദ്യ ടീസറിൽ വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക് തീർപ്പ് എന്ന ചിത്രത്തിന്റെ ടാഗ്ലൈൻ സംഭാഷണമായുണ്ട്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. ലൂസിഫർ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടേതായി പുറത്ത് വരാനൊരുങ്ങുന്ന ചിത്രം കൂടിയാണിത്.
സിദ്ദിഖ്, സൈജു കുറുപ്പ്, വിജയ് ബാബു, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു, രതീഷ് അമ്പാട്ട്, മുരളി ഗോപി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സുനിൽ കെഎസ് ആണ്. തീർപ്പിലെ ഗാനങ്ങൾ എഴുതിയിരിക്കുന്നതും സംഗീതം നൽകിയിരിക്കുന്നതും മുരളി ഗോപിയാണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറും. ദീപു ജോസഫാണ് എഡിറ്റർ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അടുത്തിടെയാണ് പുറത്തുവിട്ടത്.