
അനുരാഗ് കശ്യപ് നിര്‍മിച്ച മലയാള ചിത്രം റിലീസിന്; ചിത്രം അടുത്ത മാസം സോണി ലൈവില്‍
- Videos
2021 ടോറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിരഞ്ഞെടുത്ത് പ്രദർശിപ്പിച്ച നവാഗതനായ നിധിൻ ലൂക്കോസ് എഴുതി സംവിധാനം ചെയ്യുന്ന ‘പക’ എന്ന ചിത്രം സോണി ലൈവിൽ ജൂലൈ 7 മുതൽ പ്രദർശനം ചെയ്യുന്നു. പ്രശസ്ത ബോളിവുഡ് സംവിധായകനായ അനുരാഗ് കശ്യപ് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്ന് പുറത്തിറങ്ങി. സ്റ്റുഡിയോ 99 എന്ന ബാനറിൽ അനുരാഗ് കശ്യപും സംവിധായകനായ രാജ് രാജകോണ്ടയും കൂടിയാണ് ഈ ത്രില്ലെർ ചിത്രം നിർമിക്കുന്നത്.
‘ചോരയുടെ നദി’ എന്ന ടാഗ്‌ലൈനോട് കൂടി വരുന്ന ഈ ചിത്രം വയനാട്ടിലെ ഒരു മലയോരഗ്രാമത്തിലെ ഒരു നദിക്കപ്പുറവും ഇപ്പുറവും ജീവിക്കുന്ന രണ്ടു കുടുംബങ്ങൾ തമ്മിലുള്ള പകയും പ്രതികാരവും തീർക്കാൻ ശ്രമിക്കുന്ന യുവ ദമ്പതികളുടെ കഥയാണ് പറയുന്നത്. രണ്ടേകാൽ മിനുട്ടോളം വരുന്ന ചിത്രത്തിന്റെ ട്രൈലെറിൽ ആരൊക്കെയോ തമ്മിലുള്ള പക കൊണ്ട് സംഭവിക്കുന്ന അശുഭകരവും വിചിത്രവുമായ ഒരുപാട് സംഭവങ്ങൾ അരങ്ങേറുന്ന ഒരു ഗ്രാമത്തെയാണ് അവതരിപ്പിക്കുന്നത്. രക്തദാഹിയെന്ന് ആരോ വിശേഷിപ്പിക്കുന്ന നദിയുടെ ദൃശ്യത്തിൽ ആരംഭിച്ചു അതെ നദിയുടെ ശാന്തമായ ഒരു ഒഴുക്ക് കാണിച്ചാണ് ട്രൈലെർ അവസാനിപ്പിക്കുന്നത്.
ബേസിൽ പൗലോസ്, വിനീത കോശി, നിതിൻ ജോർജ്, അഭിലാഷ് നായർ തുടങ്ങിയ അഭിനേതാക്കൾ അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് കാബോതും എഡിറ്റിംഗ് നിർവഹിക്കുന്നത് അരുണിമ ശങ്കറുമാണ്. ടൊറന്റോ ഫിലിം ഫെസ്റ്റിവലിന് പുറമെ റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചിരുന്നു.