
ഇത്തവണ ഹോക്കിന്സിലെ പോരാട്ടം കടുക്കും; സ്ട്രേഞ്ചര്‍ തിങ്ങ്സ് സീസണ് 4 വോളിയം 2 ട്രെയ്ലര് എത്തി
- Videos
നെറ്റ്ഫ്ലിക്സ് സയൻസ് ഫിക്ഷൻ ഹൊറർ ഡ്രാമ വെബ് സീരീസായ സ്ട്രേഞ്ചർ തിങ്സിന്റെ നാലാം സീസണിന്റെ രണ്ടാം വോളിയം ട്രെയിലര്‍ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു. രണ്ടാം വോള്യം എപ്പിസോഡുകൾ ജൂലൈ 1 മുതല്‍ സ്ട്രീം ചെയ്ത് തുടങ്ങും. മെയ് 27നാണ് സീസണിലെ ആദ്യ വോളിയം പുറത്തിറങ്ങിയത് ഇതില്‍ ഏഴു എപ്പിസോഡുകള്‍ ഉണ്ടായിരുന്നു. ഡഫര്‍ ബ്രദേഴ്സ് ആണ് ഈ സീരിസിന്റെ ശില്‍പ്പികള്‍.
നെറ്റ്ഫ്ലിക്സിന്റെ ഏറ്റവുമധികം ആളുകൾ കണ്ട ഇംഗ്ലീഷ് ടിവി ഷോ സ്ട്രേഞ്ചർ തിംഗ്സ് സീസൺ 4, വോളിയം 1 എന്നാണ് നെറ്റ്ഫ്ലിക്സ് തന്നെ മുന്‍പ് പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. 1980 കാലഘട്ടത്തിലെ യുഎസിലെ ഇന്ത്യാന സംസ്ഥാനത്തെ ഹോക്കിൻസ് എന്ന സാങ്കല്‍പ്പിക ടൗണ്‍ഷിപ്പില്‍ നടക്കുന്ന വിചിത്ര സംഭവങ്ങളാണ് ഈ സീരിസിന്റെ അടിസ്ഥാനം. ഇലവൻ (മില്ലി ബോബി ബ്രൗൺ) എന്ന സൂപ്പര്‍ പവറുകള്‍ ഉള്ള കൗമരക്കാരിയും അവളുടെ കൂട്ടുകാരും, ഒപ്പം ഹോക്കിൻസിന് അപ്സൈഡ് ഡൗണായി നില്ക്കുന്ന ലോകത്തു നിന്നും വരുന്ന വിചിത്ര ജീവികളും തമ്മിലുള്ള യുദ്ധമാണ് ഈ സീരിസിന്റെ പ്രമേയം.
ഇലവനെ കൂടാതെ, സ്ട്രേഞ്ചർ തിംഗ്സിന്റെ കഥാപാത്രങ്ങളായി വിൽ (നോഹ് സ്നാപ്പ്), മൈക്ക് (ഫിൻ വുൾഫാർഡ്), ലൂക്കാസ് (കാലെബ് മക്ലാഫ്ലിൻ), ഡസ്റ്റിൻ (ഗേറ്റൻ മാറ്റരാസോ), എറിക്ക (പ്രിയ ഫെർഗൂസൺ), മാക്സ് (സാഡി സിങ്ക്), നാൻസി ( നതാലിയ ഡയർ), ജോനാഥൻ (ചാർലി ഹീറ്റൺ), സ്റ്റീവ് (ജോ കീറി), റോബിൻ (മായ ഹോക്ക്), ജിം ഹോപ്പർ (ഡേവിഡ് ഹാർബർ), ജോയ്സ് ബയേഴ്സ് (വിനോന റൈഡർ) എന്നിവര്‍ എത്തുന്നു. അഞ്ചാം സീസണോടെ ലോകമാകെ പ്രിയപ്പെട്ട ഈ ഷോ അവസാനിക്കുമെന്നാണ് സീരിസിന്റെ സൃഷ്ടാക്കൾ പറഞ്ഞിരിക്കുന്നത്.