
‘ഡോണി’ന് ശേഷം ദീപാവലി ഉന്നം വെച്ച് ശിവകാര്‍ത്തികേയന്റെ ‘പ്രിന്‍സ്’
- Videos
ശിവകാര്ത്തികേയൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘പ്രിൻസ്’. കെ വി അനുദീപ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ദീപാവലിക്ക് തിയേറ്ററിൽ എത്തുമെന്നാണ് ശിവകാർത്തികേയനും, അനുദീപും ഭാഗമായ ഒരു വീഡിയോയിലൂടെ ചിത്രത്തിന്റെ ടീം പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴിലും തെലുങ്കിലുമായി ഷൂട്ട് ചെയ്ത ഈ ചിത്രം റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുന്നതാണെന്നാണ് ചിത്രത്തിന്റെ അപ്ഡേറ്റുകൾ സൂചിപ്പിക്കുന്നത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പി നിർമിക്കുന്ന ചിത്രം ശിവകാർത്തികേയന്റെ ആദ്യത്തെ തെലുഗ് ചിത്രം കൂടിയാണ്.
വിദേശ യുവതിയുമായി പ്രണയത്തിലാകുന്ന തമിഴ് ടൂറിസ്റ്റ് ഗൈഡായിട്ടാണ് ശിവകാര്ത്തികേയൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. ‘പ്രിൻസ്’ എന്ന ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.യുക്രൈൻ താരം മറിയ റ്യബോഷ്പ്കയാണ് നായികയായെത്തുന്ന ചിത്രത്തിൽ പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെര് രാഹുല്‍ തുടങ്ങിയവരും അണിനിരക്കുന്നുണ്ട്. ഓഗസ്റ്റ് 31നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുന്നത്.
ശിവകാര്ത്തികേയൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘ഡോണ്‍’ എന്ന ചിത്രമായിരുന്നു. സിബി ചക്രവർത്തിയാണ് ചിത്രം സംവിധാനം ചെയ്തത്. ശിവകാർത്തികേനും ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ‘അയലാൻ’ എന്ന സയൻസ് ഫിക്ഷൻ ചിത്രവും ശിവകാര്‍ത്തികേയന്റേതായി റിലീസ് ചെയ്യാനുണ്ട്. ആര് രവികുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് എ ആര് റഹ്മാനാണ് സംഗീതം നിർവഹിക്കുന്നത്.