മിതാലി രാജായി തപ്‍സി എത്തുന്നു; ‘സബാഷ് മിതു’ ട്രെയിലര്‍ റിലീസായി   

മിതാലി രാജായി തപ്‍സി എത്തുന്നു; ‘സബാഷ് മിതു’ ട്രെയിലര്‍ റിലീസായി   

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായിരുന്ന ‘മിതാലി രാജി’ന്റെ  ജീവിതകഥ ആസ്പദമാക്കി, തപ്‍സി നായികയായെത്തുന്ന ചിത്രമാണ് ‘സബാഷ് മിതു’. ശ്രീജിത്ത് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റ മൂന്നു മിനിറ്റോളം വരുന്ന ട്രെയിലര്‍ ഇന്നലെ പുറത്തിറങ്ങി. ശ്രീകര്‍ പ്രസാദ് ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം അമിത് ത്രിവേദി നിര്‍വഹിക്കുന്നു. സിര്‍ഷ റേ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രം,  ജൂലൈ 15ന്  തിയറ്ററുകളില്‍ എത്തുന്നു.

 

 

വനിതാ ഏകദിന ടെസ്റ്റ് ടീമുകളുടെ ക്യാപ്റ്റനായിരുന്ന മിതാലി രാജ്,  ജൂണ്‍ എട്ടിനാണ് അന്താരാഷ്‍ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്.  ഏറെക്കാലം ഇന്ത്യൻ ടീമിന്റെ നെടുംതൂണായിരുന്ന മിതാലി രാജ്, അന്താരാഷ്‍ട്ര വനിതാ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ താരമാണ്. ഏഴായിരം റണ്‍സ് മറികടന്ന അന്താരാഷ്‍ട്ര ക്രിക്കറ്റിലെ ഒരേയൊരു വനിതാ ക്രിക്കറ്റ് താരവുമാണ് മിതാലി രാജ്. 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്നായി ഒരു ഇരട്ട സെഞ്ചുറി ഉൾപ്പെടെ 699 റൺസും മിതാലി നേടിയിട്ടുണ്ട്. 16-ാം വയസില്‍ ഏകദിന  അരങ്ങേറ്റത്തില്‍ പുറത്താകാതെ 114 റണ്‍സ് നേടിയാണ് മിതാലി രാജ്യാന്തര ക്രിക്കറ്റില്‍ വരവറിയിച്ചത്. 19 വയസും 254 ദിവസവും പ്രായമുള്ളപ്പോള്‍ ടെസ്റ്റ് ഇരട്ട സെഞ്ചുറി കണ്ടെത്തി ഈ നേട്ടം സ്വന്തമാക്കുന്ന, ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് താരം സ്വന്തമാക്കി. മിതാലി രാജിന്റെ ബയോപിക് ചിത്രം വരുമ്പോള്‍, കായികപ്രേമികളും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

 

 

വയകോം 18 സ്റ്റുഡിയോസാണ് സബാഷ് മിതു നിർമ്മിക്കുന്നത്. അജിത് അന്ധരെയാണ് ചിത്രത്തിന്റെ ക്രീയേറ്റീവ് പ്രൊഡ്യൂസർ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പ്രിയ അവനാണ്. 2020 ൽ  മിതാലി രാജിന്റെ പിറന്നാൾ ദിവസമാണ് ചിത്രം പ്രഖ്യാപിച്ചത്. കൂടാതെ 2021 ൽ ചിത്രത്തിൻറെ ഷൂട്ടിങ് പൂർത്തിയാക്കിയ വിവരം തപ്‌സി പന്നുവും പങ്ക് വെച്ചിരുന്നു. മാർച്ചിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു.

Spread the love

Related post

Leave a Reply

Your email address will not be published.