
പരസ്പരം ഏറ്റുമുട്ടാന്‍ തയ്യാറായി ടോവിനോയും കീര്‍ത്തിയും; ആകാംക്ഷയുമായി ‘വാശി’ ട്രെയിലര്‍
- Videos
ടോവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രാഘവ് തിരക്കഥയും സംവിധാനവും ചെയ്യുന്ന ‘വാശി’ എന്ന ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങി. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ് കുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ വക്കീൽ വേഷത്തിലാണ് ടോവിനോയും കീർത്തിയും വരുന്നത്. അച്ഛൻ ജി.സുരേഷ് കുമാര്‍ നിർമിക്കുന്ന സിനിമയിൽ മകള്‍ കീർത്തി സുരേഷ് ആദ്യമായി നായികയാകുകയാണ്. റോബി വർഗ്ഗീസ് രാജ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമണിന്റേതാണ്.
അനു മോഹനും ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നുണ്ട്. നടൻ കൂടിയായ വിഷ്ണു രാഘവിന്റെ ചിത്രത്തില്‍ പ്രവര്‍ത്തിക്കാൻ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നായിരുന്നു ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം അറിയിച്ച് ടൊവിനൊ തോമസ് എഴുതിയത്. തന്റെ നായികയായിരുന്ന കീര്‍ത്തി സുരേഷിനും ടൊവിനൊ തോമസ് നന്ദി പറഞ്ഞിരുന്നു. വളരെ പ്രസക്തമായ ഒരു വിഷയമാണ് ‘വാശി’ പറയുന്നതെന്നും ടൊവിനൊ തോമസ് വ്യക്തമാക്കിയിരുന്നു.
കീര്‍ത്തി സുരേഷ് നായികയായി ഏറ്റവും ഒടുവില്‍ തിയേറ്ററിൽ എത്തിയത് മഹേഷ് ബാബു നായകനായ ‘സര്‍ക്കാരു വാരിപാട്ട’യാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തീയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത്. ടോവിനോയുടെതായി അവസാനം പുറത്തിറങ്ങിയത് വിനീത് കുമാർ സംവിധാനം ചെയ്ത ‘ഡിയർ ഫ്രണ്ട്’എന്ന ചിത്രമായിരുന്നു. ജൂണ്‍ 17ന് വാശി തീയേറ്ററുകളിൽ എത്തുന്നു.