
അമ്പരപ്പിക്കുന്ന ഫാന്റസിയുമായി ബ്രഹ്മാസ്ത്ര ട്രെയിലര്‍: തിരിച്ചു വരവിനൊരുങ്ങി രണ്‍ബീര്‍ കപൂര്‍
- Videos
‘യേ ജവാനി ഹൈ ദിവാനി’ക്ക് ശേഷം ആലിയ ഭട്ടിനെയും റണ്‍ബീര്‍ കപൂറിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി അയാന് മുഖര്‍ജി സംവിധാനം ചെയ്ത ‘ബ്രഹ്മാസ്ത്രാ’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. ഒരു ഫാന്റസി ത്രില്ലറായി ഒരുക്കുന്ന ചിത്രത്തില്‍ അമാനുഷിക ശക്തികളും മനുഷ്യം തമ്മിലുള്ള പോരാട്ടമാണ് പ്രമേയം. ശിവ എന്ന എന്ന കഥാപാത്രമായി റണ്‍ബീറും ഇഷയായി ആലിയയുമെത്തുന്ന ചിത്രത്തിൽ അമിതാബ് ബച്ചൻ, നാഗാർജുന, ഡിംപിള്‍ കബാഡിയ, നാഗാര്‍ജുന, മൗനി റോയ് എന്നിവരും മുഖ്യ വേഷങ്ങളിലെത്തുന്നു.
മൂന്നു മിനിറ്റോളം വരുന്ന ട്രെയ്ലറിൽ ഇന്ത്യൻ സിനിമക്ക് പരിചിതമല്ലാത്ത ഒരു ലോകവും കാഴ്ചകളും കഥാപരിസരവും അയൻ മുഖർജി പരിചയപ്പെടുത്തുന്നുണ്ട്. ലോകം മുഴുവൻ ഭരിക്കാവുന്ന ശക്തികളടങ്ങുന്ന ബ്രഹ്മാസ്ത്ര എന്ന ആയുധം തേടി നടക്കുന്ന ദുഷ്ടശക്തികളും താൻ പോലും അറിയാതെ അതിന്റെ പാർശ്വഫലങ്ങളിൽ വന്നു പെടുന്ന ശിവ എന്ന ചെറുപ്പകാരന്റെയും കഥയായായാണ് ട്രെയ്ലറിൽ ചിത്രം അവതരിപ്പിക്കുന്നത്. മുകളിൽ പറഞ്ഞവരെ കൂടാതെ സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനും ചിത്രത്തിൽ ഒരു വേഷം കൈ കാര്യം ചെയ്യുന്നുണ്ടെന്നാണ് റിപ്പോർട്ട്.
300 കോടി മുതല്‍ മുടക്കിൽ സ്റ്റാര്‍ സ്റ്റുഡിയോസും ധര്മപ്രൊഡക്ഷനും സംയുക്തമായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. താരദമ്പതികളായ ആലിയ ഭട്ടും രൺബീറും നായികാ നായകന്മാരാകുന്ന ആദ്യ ചിത്രമെന്ന സവിശേഷത കൂടി ഈ ചിത്രം കാത്തിരിക്കാൻ ഒരു കാരണമാകുന്നുണ്ട്. അയൻ മുഖർജിയുടെ മുൻ രണ്ടു ചിത്രങ്ങളിലും മുഖ്യ വേഷം ചെയ്തത് രൺബീർ കപൂറായിരുന്നു. ബ്രഹ്മാണ്ഡ സംവിധായകൻ എസ് എസ് രാജമൗലി സൗത്ത് ഇന്ത്യയിൽ വിതരണം ചെയ്യുന്ന ചിത്രം സെപ്റ്റംബർ 9നു തീയേറ്ററുകളിൽ എത്തുന്നു.