
ധ്യാന് ശ്രീനിവാസന്റെ രചനയ്ക്ക് കൂട്ടായി വിനീതിന്റെ പാട്ട്; രണ്ടാം ഗാനവുമായി ‘പ്രകാശന് പറക്കട്ടെ’
- Videos
ലവ് ആക്ഷൻ ഡ്രാമക്ക് ശേഷം ധ്യാൻ ശ്രീനിവാസന്റെ രചനയിൽ നവാഗതനായ ഷഹദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രകാശൻ പറക്കട്ടെ’. ദിലീഷ് പോത്തൻ ടൈറ്റിൽ കഥാപാത്രമായ പ്രകാശനെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മാത്യു തോമസ്, ധ്യാൻ ശ്രീനിവാസൻ, സൈജു കുറുപ്, നിഷ സാരംഗ് തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നു. ഷാൻ റഹ്മാന്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ ആലപിച്ച ചിത്രത്തിലെ ഒരു പ്രോമോ സോങ് ഇന്നലെ പുറത്തിറങ്ങിയിരുന്നു. ‘പറക്കാം പാറി പറക്കാം…’ എന്ന ഗാനം റിലീസിന് ശേഷം പ്രേക്ഷക ശ്രദ്ധയാകർഷിച്ചു മുന്നേറുന്നു.
ധ്യാൻ ശ്രീനിവാസൻ അഭിനയിച്ചു 2015ൽ പുറത്തിറങ്ങിയ അടി കപ്യാരെ കൂട്ടമണിയിലൂടെ അസിസ്റ്റന്റ് ഡയറക്ടർ ആയി കടന്ന് വന്ന ഷഹദ് ധ്യാനിന്റെ ആദ്യ സംവിധാന സംരംഭമായ ലവ് ആക്ഷൻ ഡ്രാമയുടെ വരെ അസ്സോസിയേറ്റ് ആയിരുന്നു. 2021 ജനുവരിയിൽ ചിത്രീകരണം ആരംഭിച്ച ചിത്രം നിർമിച്ചിരിക്കുന്നത് ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗീസും വിശാഖ് സുബ്രഹ്മണ്യനും ധ്യാൻ ശ്രീനിവാസനും ചേർന്നാണ്. കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ പ്രോമോ ഗാനത്തിൽ കോഴിക്കോട് ബീച്ചും മിടായി തെരുവുമൊക്കെ നിറഞ്ഞു നില്കുന്നു.
മാത്യു തോമസിന്റേതായി അവസാനമായി പുറത്തിറങ്ങി വൻ വിജയമായ ജോ & ജോ യുടെ സംവിധായകൻ അരുൺ ഡി ജോസ് ഈ ചിത്രത്തിന്റെ അസോസിയേറ്റ് ആയി പ്രവർത്തിച്ചിരുന്നു. പ്രശസ്ത നടനായ ടി ജി രവിയുടെ പേരകുട്ടിയായ റിതുഞ്ജയിയുടെ ആദ്യ ചിത്രം കൂടിയാണിത്. ജൂൺ 17നു ചിത്രം തീയേറ്ററിലെത്തുന്നു.