
അച്ഛന്റെ സിനിമയിൽ ആദ്യമായി കീർത്തി നായികയായെത്തുന്നു; ‘വാശി’യിലെ ആദ്യ വീഡിയോ ഗാനം റിലീസായി
- Videos
നവാഗതനായ വിഷ്ണു ജി രാഘവ് രചനയും സംവിധാനവും ചെയ്ത്, ടൊവിനോ തോമസ് കീർത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ സിനിമ ‘വാശി’യിലെ ആദ്യ വീഡിയോ ഗാനം റിലീസായി. ‘ഋതുരാഗം…’ എന്ന് തുടങ്ങുന്ന ഗാനം, കേശവ് വിനോദും ശ്രുതി ശിവദാസും ചേർന്നാണ് പാടിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക്, കൈലാസ് ഈണം പകർന്നിരിക്കുന്നു. സുഹൃത്തുക്കളായ എബിൻ മാത്യു, മാധവി മോഹൻ എന്ന രണ്ട് അഭിഭാഷകരുടെ വേഷത്തിലാണ്, ടൊവിനോയും കീർത്തിയും ‘വാശിയി’ലെത്തുന്നത്.
സുഹൃത്തുക്കളായ രണ്ട് അഭിഭാഷകർക്ക്, ഒരേ കേസിൽ വാദിക്കും പ്രതിക്കും വേണ്ടി വാദിക്കേണ്ടി വരുന്നതും, തുടർന്നിത് ഇവരുടെ സൗഹൃദത്തെ ബാധിക്കുന്നതുമാണ് സിനിമയുടെ പ്രധാന പ്രമേയം. ജി സുരേഷ് കുമാർ, കോട്ടയം രമേശ്, ബൈജു സന്തോഷ് കുമാർ, മായാ വിശ്വനാഥ്, അനഘ നാരായണൻ എന്നിവരും സിനിമയിൽ ശക്തമായ വേഷങ്ങളിലെത്തുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. നടി മേനക സുരേഷ് സിനിമയിൽ സഹ നിർമ്മാതാവായെത്തുന്നു.
നീൽ ഡി’ കുഞ്ഞ ക്യാമറ കൈകാര്യം ചെയ്യുന്ന സിനിമയിൽ, അർജു ബെൻ എഡിറ്റിംഗ് നിർവഹിക്കുന്നു. ദിവ്യ ജോർജ് വസ്ത്രാലങ്കാരം ഒരുക്കുന്ന സിനിമയിൽ, പി വി ശങ്കർ മേക്കപ്പ് കൈകാര്യം ചെയ്യുന്നു. ഉർവശി തീയേറ്റേഴ്സ് ആണ് ‘വാശി’ വിതരണം ചെയ്യുന്നത്. മുൻപ് ‘വാശി’യിലെ ‘യാതൊന്നും പറയാതെ…’ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോയും റിലീസ് ചെയ്തിട്ടുണ്ട്. ‘വാശി’ ജൂൺ 17ന് തീയറ്ററുകളിലെത്തും.