
‘ജയ് ഭീമി’ന് ശേഷം ലിജോമോൾ മലയാളത്തിലേയ്ക്ക്; ‘വിശുദ്ധ മെജോ’യിലെ ആദ്യ വീഡിയോ ഗാനം റിലീസായി
- Videos
നവാഗതനായ കിരൺ ആന്റണി സംവിധാനം ചെയ്ത്, ലിജോമോൾ ജോസ്, ഡിനോയ് പൗലോസ്, മാത്യു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘വിശുദ്ധ മെജോ’യിലെ ആദ്യ വീഡിയോ ഗാനം റിലീസായി. “കണ്ണ്.. കറുകറെ കരിമേഘത്തുമ്പ്” എന്ന വീഡിയോ ഗാനമാണ് റിലീസായത്. സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് ഈണം പകരുന്നു. അദീഫ് മുഹമ്മദാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഫീൽ ഗുഡ് മൂവി ആയ ‘വിശുദ്ധ മെജോ’യുടെ കഥ തിരക്കഥ സംഭാഷണം ഡിനോയ് പൗലോസ് ഒരുക്കിയിരിക്കുന്നു. പ്ലാൻ ജെ സ്റ്റുഡിയോസ്, സി എൻ സി സിനിമാസ് എന്നീ ബാനറുകളിൽ, വിനോദ് ഷൊർണ്ണൂർ, ജോമോൻ ടി ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്ന് ‘വിശുദ്ധ മെജോ’ നിർമ്മിക്കുന്നു. ജോമോൻ ടി ജോൺ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന സിനിമയിൽ, ഷമീർ മുഹമ്മദ് എഡിറ്റിംഗ് നിർവഹിക്കുന്നു. റാഫി കണ്ണാടി പറമ്പ് വസ്ത്രാലങ്കാരമൊരുക്കുന്ന സിനിമയിൽ, സിനൂപ് രാജ് ചമയമൊരുക്കുന്നു.
ലിജോ മോളുടെ ‘പുത്തം പുതു കാലൈ വിടിയാതാ’ എന്ന തമിഴ് ആന്തോളജി സീരീസാണ് ഏറ്റവുമൊടുവിൽ റിലീസായത്. അഫ്സൽ അബ്ദുൽ ലത്തീഫ് സംവിധാനം ചെയ്ത ‘പത്രോസിന്റെ പടപ്പു’കളാണ് ഡിനോയ് പൗലോസിന്റെ അവസാനമായി റിലീസായ ചിത്രം. അരുൺ ഡി ജോസ് സംവിധാനം ചെയ്ത ‘ജോ ആൻഡ് ജോ’യാണ്, മാത്യു തോമസിന്റെ ഏറ്റവുമൊടുവിൽ തിയ്യറ്ററിലെത്തിയ സിനിമ. നിലവിൽ, വി സിനിമാസ് ഇന്റർനാഷണലിന്റെ ബാനറിൽ സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ‘നെയ്മറി’ന്റെ ഷൂട്ടിംഗിലാണ് മാത്യു തോമസ്.