
നാനിയ്ക്ക് കൂട്ടായി നസ്രിയ; പ്രണയകഥയുമായി ‘ആഹാ സുന്ദരാ’ ട്രെയിലര്‍
- Videos
നാച്ചുറൽ സ്റ്റാർ നാനിയും മലയാളികളുടെ പ്രിയനായിക നസ്രിയ ഫഹദുമൊന്നിക്കുന്ന തെലുഗ് ചിത്രം ‘അന്റെ സുന്ദരനിക്കി’യുടെ ട്രൈലെർ പുറത്തിറങ്ങി. ജൂൺ 10നു റിലീസ് ചെയ്യാനിരിക്കുന്ന ഈ റൊമാന്റിക് കോമഡി ചലച്ചിത്രം സംവിധാനം ചെയ്യുന്നത് വിവേക് ആത്രേയയാണ്. നസ്രിയ ഫഹദ് ലീല തോമസ് എന്നൊരു ലേഡി ഫോട്ടോഗ്രാഫർ കഥാപാത്രമായി തെലുഗിൽ അരങ്ങേറ്റം കുറിക്കുമ്പോൾ സുന്ദർ പ്രസാദ് എന്ന ഒരു തെലുഗ് ബ്രാഹ്മിൺ കഥാപാത്രമായാണ് നാനി എത്തുന്നത്. ഇവർക്കു പുറമെ നാദിയ മൊയ്‌തു, രോഹിണി, ഹർഷവർദ്ധൻ, നിക്കി തംബോലി, അഴകം പെരുമാൾ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നുണ്ട്. തെലുഗ്, തമിഴ്, മലയാളം എന്നീ മൂന്ന് ഭാഷകളിലും ചിത്രം ഒരേ ദിവസം റിലീസ് ചെയ്യുന്നു.
നികേത് ബൊമ്മിറെഡ്ഢി ഛായാഗ്രഹണവും വിവേക് സാഗർ പശ്ചാത്തല സംഗീതവും നിർവഹിക്കുന്ന ചിത്രം ‘ആഹാ സുന്ദര’ എന്ന പേരിലാണ് മലയാളത്തിലേക്ക് എത്തുന്നത്. മുൻപ് പുറത്തിറങ്ങി ഹിറ്റായ ചിത്രത്തിന്റെ ടീസറിൽ നിന്നും ലഭിച്ചതിൽ കൂടുതൽ കഥാപരമായ സൂചനകൾ നൽകുന്ന ട്രൈലെർ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ ഹിറ്റായി ഓടി കൊണ്ടിരിക്കുന്നു. ‘മെന്റൽ മതിലോ’, ‘ബ്രോച്ചെവരെവരുറ’ എന്ന കോമഡി ചിത്രങ്ങൾക്ക് ശേഷം വിവേക് ആത്രേയ സംവിധാനം ചെയ്യുന്ന ഈ ചിത്രവും ഹാസ്യത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
‘ശ്യാം സിംങ്ക റോയ് ‘ എന്ന സൂപ്പർഹിറ്റിന് ശേഷം പുറത്തു വരുന്ന ഈ ചിത്രം നിർമിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സ് ആണ്. ശ്രീകാന്ത് ഒഡെലയുടെ സംവിധാനത്തിൽ കീർത്തി സുരേഷും നാനിയും ഒന്നിക്കുന്ന ‘ദസര’ എന്ന പാൻ ഇന്ത്യൻ ആക്ഷൻ ചിത്രവും അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ്. 2020 ൽ പുറത്തിറങ്ങിയ ‘മണിയറയിലെ അശോകൻ’ എന്ന മലയാള ചിത്രത്തിലെ അഥിതി വേഷത്തിലാണ് നസ്രിയ ഇതിനു മുൻപ് അവസാനമായി അഭിനയിച്ചത്.