
ടോം ഹാങ്ക്സിനൊപ്പം എത്തുമോ ആമിര്‍ ഖാന്?, നീണ്ട കാത്തിരിപ്പിന് ശേഷം ‘ലാല്‍ സിങ് ഛദ്ദ’യുടെ ട്രെയ്ലർ എത്തി
- Videos
അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത് ബോളിവുഡ് താരം ആമിർ ഖാൻ നായകനാകുന്ന ‘ലാല്‍ സിങ് ഛദ്ദ’യുടെ ട്രെയ്ലർ റിലീസ് ചെയ്തു. 1994 ൽ റോബർട്ട് സെമെക്കിസ് സംവിധാനം നിർവഹിച്ച് ടോം ഹാങ്ക്സ് നായകനായെത്തിയ വിഖ്യാത ഹോളിവുഡ് ചിത്രം ‘ഫോറസ്റ്റ് ഗംപി’ന്റെ ഹിന്ദി റീമേക്ക് ആണ് ‘ലാൽ സിങ് ഛദ്ദ’. സിനിമയിൽ കരീന കപൂർ ആമിർ ഖാന്റെ നായികയായെത്തുന്നു. ചിത്രത്തിൽ തെലുങ്ക് സൂപ്പർ താരം നാഗ ചൈതന്യ അക്കിനേനി, മോണ സിംഗ് എന്നിവര്‍ക്കൊപ്പം ഷാരൂഖ് ഖാനും ഒരു പ്രധാനവേഷത്തിലെത്തുന്നുണ്ട്.
മുന്‍പ് തന്റെ പല സിനിമകള്‍ക്കും വേണ്ടി ബോഡി ട്രാൻസ്ഫോർമേഷന് നടത്തി പ്രശസ്തനായ ആമിർ, ഇരുപതുകാരനായും നാല്‍പതുകാരനായും ‘ലാല്‍ സിങ് ഛദ്ദ’യിലെത്തുന്നുണ്ട്. നിഷ്കളങ്കനായ ‘ലാൽ സിംഗ് ഛദ്ദ’യുടെ സംഭവ ബഹുലമായ ജീവിതമാണ് സിനിമയുടെ പ്രേമേയം. ട്രെയിലറിൽ ഉടനീളം ലാലും, അയാളുടെ അമ്മയും തമ്മിലുള്ള മനോഹരമായ ബന്ധവും കാണിക്കുന്നു. ‘ലാൽ സിംഗ് ഛദ്ദ’യ്ക്ക് വേണ്ടി ‘ഫോറസ്റ്റ് ഗംപി’ന്റെ തിരക്കഥ ഹിന്ദിയിലേയ്ക്ക് പകർത്തിയിരിക്കുന്നത് നടൻ അതുൽ കുൽക്കർണിയാണ്.
സത്യജിത്ത് പാണ്ഡ ക്യാമറ കൈകാര്യം ചെയ്യുന്ന സിനിമയിൽ പ്രീതം ചക്രബർത്തി സംഗീതസംവിധാനം നിർവഹിക്കുന്നു. ‘സീക്രട്ട് സൂപ്പർസ്റ്റാറി’ന് ശേഷം ആമിർ ഖാനും അദ്വൈത് ചന്ദനും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ‘ലാൽ സിംഗ് ഛദ്ദ’. ആമിർ ഖാൻ പ്രൊഡക്ഷൻസ്, വയാകോം 18 സ്റ്റുഡിയോസ്, കിരൺ റാവു, എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്. ‘ലാൽ സിംഗ് ഛദ്ദ’ ആഗസ്റ്റ് 11 ന് തിയറ്ററിലെത്തും.