
ഹൃദയം കീഴടക്കാന്‍ റോക്കി ഭായിയ്ക്ക് ശേഷം ചാര്ലിയെത്തുന്നു.
- Videos
മലയാളിയായ നവാഗത സംവിധായകൻ കെ കിരൺരാജിന്റെ കന്നഡചിത്രം 777ചാർലിയുടെ ട്രെയ്ലർ റിലീസ് ചെയ്തു. നടനും സംവിധായകനും നിർമാതാമാവുമായ കന്നട സൂപ്പർതാരം രക്ഷിത് ഷെട്ടി നായകനായെത്തുന്ന ചിത്രത്തിൽ ഒരു നായയും പ്രധാന വേഷത്തിലെത്തുന്നു. ചാർലി എന്ന നായകുട്ടിയും, ധർമ്മ എന്ന രക്ഷിത് ഷെട്ടിയുടെ കഥാപാത്രവും തമ്മിലുള്ള മനോഹരമായ ബന്ധം കാണിക്കുന്ന ട്രെയ്ലറാണ് റിലീസ് ചെയ്തിരിക്കുന്നത്. അഞ്ചു ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ മലയാളം പതിപ്പിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.
ചാർലി എന്ന നായകുട്ടിയുടെ വരവോടുകൂടി, പരുക്കനായ ധർമ്മ എന്ന യുവാവിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും, ധർമ്മയുടെ ജീവിതത്തിൽ വരുന്ന മാറ്റങ്ങളും കാണിക്കുന്നതാണ് ട്രെയ്ലർ. കിരൺരാജ് രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ സംഗീത ശൃംഗേരി നായികയായെത്തുന്നു. ഗരുഡ ഗമന വൃഷഭ വാഹന എന്ന കന്നഡ ചിത്രത്തലൂടെ കയ്യടി നേടിയ നടനും സംവിധായകനുമായ രാജ് ബി ഷെട്ടിയും സിനിമയിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബോബി സിംഹ, ഡാനിഷ് സേട്ട്, ഹനി യാധവ്, അനിരുധ് റോയ് എന്നീ താരങ്ങളും സിനിമയിൽ മറ്റ് വേഷങ്ങളിലെത്തുന്നു.
നോബിൻ പോളാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്. അരവിന്ദ് കശ്യപ് ചായാഗ്രഹണം നിർവഹിക്കുന്ന 777 ചാർലിയിൽ എഡിറ്റിംഗ് നിർവഹിക്കുന്നത് പ്രതീക് ഷെട്ടിയാണ്. ജി.എസ്. ഗുപ്തയും രക്ഷിത് ഷെട്ടിയും നിർമിക്കുന്ന ചിത്രം പരംവഹ് സ്റ്റുഡിയോയുടെ ബാനറിൽ, ജൂൺ 10 ന് റിലീസ് ചെയ്യും.