
പ്രതീക്ഷകള്‍ ഇരട്ടിയാക്കി ഉലകനായകന്റെ ‘വിക്രം’ ട്രെയിലർ
- Videos
ഉലകനായകന് കമലഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രമി’ന്റെ ട്രെയിലര്‍ പുറത്തിറങ്ങി .സിനിമയുടെ ഓഡിയോ ലോഞ്ച് ചടങ്ങില്‍ വെച്ച് ട്രെയിലറും റിലീസ് ചെയ്തു. തെന്നിന്ത്യന്‍ സിനിമ ലോകത്തെ പ്രമുഖര്‍ സന്നിഹിതരായ ചടങ്ങില്‍ ‘വിക്രം’ അണിയറപ്രവര്തകരോടൊപ്പം, ഉദയനിധി സ്റ്റാലിന് , സിമ്പു, പാ രഞ്ജിത്ത് എന്നിവരും പങ്കെടുത്തു. വിജയ് സേതുപതി , ഫഹദ് ഫാസില്‍ , ചെമ്പന്‍ വിനോദ് എന്നിവര്‍ ശക്തമായ വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ അതിഥി താരമായി നടന് സൂര്യയും എത്തും .
ചടങ്ങില്‍ വെച്ച്, കമഹാസനെ നായകനാക്കി ഒരു സിനിമ ഉടനെ പ്രതീക്ഷിക്കാമെന്ന് പാ രഞ്ജിത്തും അറിയിച്ചു.വലിയ താരനിര അണിനിരക്കുന്ന ‘വിക്രം’ ഒരു ആക്ഷന്‍ സിനിമയാണെന്ന സൂചനകളാണ് ട്രെയിലര്‍ നല്‍കുന്നത്. “ഇത് എന്റെ ഗുരുവിനുളള സ്നേഹവും നന്ദിയുമാണെന്ന്” ലോകേഷ് തന്റെ ട്വിറ്ററിൽ കുറിച്ചു.വിക്രമിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് തമിഴകത്തെ ശ്രദ്ധേയനായ അനിരുധ് രവിചന്ദറാണ്. ചിത്രത്തിലെ ‘പത്തലെ പത്തലെ’ എന്ന ഗാനം യൂട്യൂബില്‍ വന്‍ തരംഗമായിരുന്നു.
ഫഹദിനെയും ചെമ്പൻ വിനോദിനെയും കൂടാതെ കാളിദാസ് ജയറാം, നരേൻ എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. വിക്രമിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് മലയാളിയായ ഗിരീഷ് ഗംഗാധരനാണ്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ തന്നെയാണ് ചിത്രം നിർമിക്കുന്നത്. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ഫിലോമിൻ രാജാണ്. വിക്രം ജൂൺ 3 ന് തീയേറ്ററുകളിൽ എത്തും.