
അവസാന കടമ്പയും കടന്ന് ‘തല്ലുമാല’; ഇനി അടിയുടെ പൊടിപൂരം
- Stories
ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ആക്ഷൻ എന്റർറ്റൈനെർ ചിത്രമാണ് തല്ലുമാല. ഓഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ടൊവിനോയും കല്യാണിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് തല്ലുമാല. ഇപ്പോള്‍ ഇതാ ചിത്രത്തിന്റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ക്ലീന്‍ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. അതോടൊപ്പം സെൻസർ ബോർഡിൽ നിന്നും ചിത്രം കണ്ടവർ ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് നൽകി കൊണ്ടിരിക്കുന്നത്.
ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്മാനാണ്. ദുബായിലും മലബാറിലുമായാണ് സിനിമയുടെ പ്രധാന ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രത്തിന്റെ പോസ്റ്ററുകളും ട്രൈലെറുമെല്ലാം സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.
ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുഹ്സിന് പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്നാണ് . വിതരണം – സെന്‍ട്രല്‍ പിക്ചേര്‍സ്. ഷൈന്‍ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്കമാന്‍ അവറാന് തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്. ജിംഷി ഖാലിദ് ആണ് ഛായാഗ്രാഹകന്‍. വിഷ്ണു വിജയാണ് ചിത്രത്തിലെ അടിച്ചു പൊളി ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് .