
ഒടിടിക്ക് ശേഷം പുറത്തു വരുന്ന ‘വിക്ര’ത്തിന്റെ അമ്പരപെടുത്തുന്ന കണക്കുകൾ; ചിത്രം ഹോട്ട്സ്റ്റാറിൽ
- Stories
തമിഴകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയെന്ന ഖ്യാതി സമ്പാദിച്ച ലോകേഷ് കനകരാജ് ചിത്രം ‘വിക്രം’ 35 ദിവസത്തെ വിജയ ഓട്ടം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പൂർത്തിയാക്കെ ആകെ നേടിയത് 442.25 കോടി. ചിത്രം തിയേറ്ററുകളില്‍ എത്തിയ ആദ്യ ദിവസം മുതല്‍ നിരവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളാണ് തകര്‍ക്കപ്പെട്ടത്. തിയേറ്ററുകളിലെ വന്‍ വിജയത്തിന് ശേഷം ഇന്നാണ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വിക്രം ഒടിടി സ്ട്രീമിങ്ങ് തുടങ്ങിയത്.
‘വിക്രം’ ഓപ്പണിങ് ദിവസം ബോക്സ് ഓഫീസിൽ നേടിയത് 56.68 കോടി രൂപയായിരുന്നു. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് സ്വന്തമാക്കിയ ആകെ ബോക്സ് ഓഫീസ് കളക്ഷൻ ഹിന്ദിയിൽ ഒരുങ്ങിയ മിക്ക ചിത്രങ്ങളെക്കാളും മികച്ചതാണ്. കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ നേടിയ തമിഴ് ചിത്രം എന്ന റെക്കോര്‍ഡ് ‘വിക്രം’ സ്വന്തമാക്കിയത് വെറും അഞ്ച് ദിവസങ്ങള്‍ കൊണ്ടാണ്. വിജയ് നായകനായ ‘ബിഗില്‍’ ആയിരുന്നു കേരളത്തില്‍ നിന്ന് ഏറ്റവും അധികം കളക്ഷന്‍ സ്വന്തമാക്കിയ തമിഴ് ചിത്രം. ഇന്ത്യയിൽ നിന്നും ആകെ 314.25 കോടി രൂപ ചിത്രം സ്വന്തമാക്കിയപ്പോൾ ചിത്രത്തിന്റെ വിദേശ കളക്ഷൻ 128 കോടി രൂപയാണ്.
കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിൽ സൂര്യ ഒരു നിര്‍ണായക അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഒപ്പം ചെമ്പന്‍ വിനോദ്, കാളിദാസ് ജയറാം, നരേന്, സന്താന ഭാരതി, സ്വാദിഷ്ട കൃഷ്ണന്, വിജെ മൈന, ശിവാനി തുടങ്ങിയവരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്. മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മാണം. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.