
‘റോളക്സ്’ ഇനി ഓസ്കാര്‍ കമ്മറ്റിയില്‍; തെന്നിന്ത്യയില്‍ ഇത് ആദ്യം
- Stories
ലോകേഷ് കനകരാജിന്റെ ബ്ലോക്ക് ബസ്റ്റർ ചിത്രം വിക്രത്തിലെ അവസാന നിമിഷങ്ങളിൽ ആവേശം നിറച്ച ‘റോളക്സ്’ എന്ന കഥാപാത്രത്തിന് ലോകമെമ്പാടും വാഴ്ത്തപെട്ടുകൊണ്ടിരിക്കെ അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‍സ് ആർട്‍സ് ആൻഡ് സയൻസസില്‍ അംഗമാകാൻ തെന്നിന്ത്യൻ താരം സൂര്യക്ക് ക്ഷണം ലഭിച്ചിരിക്കുന്നു. ചൊവ്വാഴ്‍ച പ്രഖ്യാപിച്ച പുതിയ അംഗങ്ങളുടെ പട്ടികയിൽ ബോളിവുഡ് താരം കാജോളിനും ക്ഷണമുണ്ട്. സംവിധായിക റീമ കഗ്‍ടിയാണ് കമ്മറ്റിയിലേക്ക് ക്ഷണം ലഭിച്ച മറ്റൊരു ഇന്ത്യക്കാരി. ലോസ് ഏഞ്ചൽസിൽ വർഷം തോറും നടക്കുന്ന ഓസ്‌കാർ അവാർഡുകൾക്ക് വോട്ടുചെയ്യാൻ ഇങ്ങനെ ക്ഷണിക്കപ്പെട്ട അംഗങ്ങൾക്ക് അർഹതയുണ്ടാകും.
ഡോക്യുമെന്ററി സംവിധായകരായ സുഷ്‍മിത് ഘോഷ്, റിന്റു തോമസ് എന്നിവരും ക്ഷണം ലഭിച്ച ഇന്ത്യക്കാരില്‍ ഉള്‍പ്പെടുന്നു. സുഷ്‍മിത് ഘോഷ്, റിന്റു തോമസ് എന്നിവര്‍ സംവിധാനം ചെയ്‍ത ‘റൈറ്റിംഗ് വിത്ത് ഫയര്‍’ എന്ന ഡോക്യുമെന്ററിക്ക് ഇത്തവണ ഓസ്‍കര്‍ നോമിനേഷൻ ലഭിച്ചിരുന്നു. സൂര്യ നായകനായ സൂരരൈ പോട്ര് 2021ല്‍ ഇന്ത്യയുടെ ഔദ്യോഗിക ഓസ്‍കര്‍ എൻട്രിയായിരുന്നു. ഷാരൂഖ് ഖാൻ, ആമിര്‍ ഖാൻ, എ ആര്‍ റഹ്‍മാൻ, അലി ഫസല്‍, അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, ഏക്ത കപൂര്‍ വിദ്യാ ബാലൻ തുടങ്ങിയവര്‍ ഇതിനകം തന്നെ അക്കാദമിയുടെ ഭാഗമായിട്ടുണ്ട്. ഇതാദ്യമായാണ് ഒരു തമിഴ് നടന് ഓസ്കാർ കമ്മിറ്റിയിലേക്ക് ക്ഷണം ലഭിക്കുന്നത്.
ഈ വർഷത്തെ കമ്മിറ്റിയിലേക്ക് 397 കലാകാരന്മാരേയും എക്സിക്യൂട്ടീവുകളേയുമാണ് അക്കാദമി ഓഫ് മോഷൻ പിക്ചേർസ് ആന്റ് സയൻസ് ക്ഷണിച്ചിരിക്കുന്നത്. സംവിധായകരുടേയും എഴുത്തുകാരുടേയും ബ്രാഞ്ചിൽ ഈ വർഷത്തെ ഓസ്കാർ ജേതാക്കളായ അരിയാന ഡിബോസ്, ട്രോയ് കോട്‌സൂർ, CODA രചയിതാവും സംവിധായകനുമായ സിയാൻ ഹെഡർ എന്നിവർക്കും ക്ഷണമുണ്ട്. ഡെഡ്ലൈൻ ഡോട്ട് കോം റിപ്പോർട്ട് അനുസരിച്ച് ആകെ 17 ബ്രാഞ്ചുകളാണുള്ളത്. ക്ഷണിക്കപ്പെട്ടവർക്ക് ബ്രാഞ്ച് തിരഞ്ഞെടുത്ത് അതിന്റെ ഭാഗമാകാം. ബില്ലി ഐലിഷ്, ഫിനിയാസ് ഒ’കോണൽ, കാട്രിയോണ ബാൽഫ്, ജെസ്സീ ബക്ക്ലീ, ഓൾഗ മെറിഡിസ്, കോഡി സ്മിറ്റ് മെക്ഫീ, അന്യ ടെയ്ലർ ജോയ് തുടങ്ങിയവർക്കും ഈ വർഷം ക്ഷണമുണ്ട്.