
ലോകത്തിലെ ആദ്യ സിംഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ; ‘ഇരവിൻ നിഴൽ’ റിലീസിനെത്തുന്നു
- Stories
നടൻ പാർഥിപൻ രചനയും സംവിധാനവും നിര്‍വഹിച്ച്, കേന്ദ്ര കഥാപാത്രമായെത്തുന്ന തമിഴ് ചിത്രം ‘ഇരവിൻ നിഴൽ’ ജൂലൈ 15 ന് റിലീസ് ചെയ്യും. സാമൂഹ്യ മാധ്യമങ്ങളിലൂടെ, നടൻ ധനുഷ് സിനിമയുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 24 ന് ആദ്യം റിലീസ് നിശ്ചയിച്ചിരുന്ന ‘ഇരവിൻ നിഴൽ’, പിന്നീട് തീയതി മാറ്റുകയായിരുന്നു. ലോകത്തിലെ തന്നെ ആദ്യത്തെ സിംഗിൾ ഷോട്ട് നോൺ ലീനിയർ സിനിമ എന്ന വിശേഷണവുമായാണ് ‘ഇരവിൻ നിഴൽ’ എത്തുന്നത്.
ഒരു അന്‍പതുകാരന്‍ തന്‍റെ ജീവിതത്തിന്‍റെ വിവിധ കാലഘട്ടങ്ങളിലേക്ക് തിരിഞ്ഞു നോക്കുന്നതാണ് സിനിമയുടെ പ്രധാന പ്രമേയം. വരലക്ഷ്മി ശരത്കുമാർ, അനന്ത കൃഷ്ണൻ, ബ്രിജിഡ സാഗ, റോബോ ശങ്കര്‍ എന്നിവരാണ് സിനിമയിലെത്തുന്ന മറ്റ് അഭിനേതാക്കൾ. ആര്‍തർ എ. വിൽസണ്‍ ആണ് ഛായാഗ്രഹണം. സംഗീതം എ.ആർ. റഹ്മാൻ. നടന്‍ പാർഥിപൻ ഇതിന് മുമ്പ് സംവിധാനം ചെയ്ത ‘ഒത്ത സെരുപ്പ് സൈസ് 7’ എന്ന ചിത്രം പ്രേക്ഷകരുടേയും നിരൂപകരുടേയും പ്രശംസ പിടിച്ചുപറ്റിയിരുന്നു.
ടെക്നിക്കല്‍ അച്ചീവ്മെന്റ് ന് ഓസ്കാർ പുരസ്കാരം സ്വന്തമാക്കിയ കോട്ടലാംഗോ ലിയോൺ ‘ഇരവിൻ നിഴലി’ല്‍ വി എഫ് എക്സ് കൈകാര്യം ചെയ്യുന്നു. ശബ്ദമിശ്രണത്തിന് ഓസ്കാർ പുരസ്കാരം സ്വന്തമാക്കിയ ക്രെയ്ഗ് മാൻ സൗണ്ട് എഡിറ്റിംഗ് ന് നേതൃത്വം നൽകുന്നു. ബയോസ്കോപ്പ് ഫിലിം ഫ്രമേഴ്‌സ്, അക്കിര ഫിലിം പ്രോഡക്ഷൻസ് എന്നീ ബാനറുകളിൽ റിലീസിനെത്തുന്ന സിനിമയില്‍, ആര്‍ കെ വിജയ് മുരുകന്‍ കലാ സംവിധാനം നിര്‍വഹിക്കുന്നു. കാസിം ഭായ് വസ്ത്രാലങ്കാരം ഒരുക്കുന്ന സിനിമയിൽ, എ ആർ അബ്ദുൽ റസാഖ് മേക്കപ്പ് കൈകാര്യം ചെയ്യുന്നു.