
ദുൽഖറും രശ്മികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം; റിലീസിന് ഒരുങ്ങി ‘സീതാരാമം’
- Stories
ദുൽഖർ സൽമാൻ നായകനാകുന്ന തെലുങ്ക് ചിത്രം ‘സീതാരാമം’ റിലീസിനെത്തുന്നു. ഹനു രാഘവപുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ, ആദ്യ ട്രെയിലർ നേരത്തേ പുറത്തിറങ്ങിയിരുന്നു. രശ്മിക മന്ദാന ചിത്രത്തിൽ ദുൽഖറിനൊപ്പം പ്രധാന വേഷത്തിൽ എത്തുന്നു. ദുൽഖറും രശ്മികയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘സീതാരാമം’.
ഹിന്ദി, മറാത്തി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മൃണാൽ താക്കൂര്‍ ‘സീതാരാമ’ത്തിൽ ദുൽഖറിന്റെ നായികയായി എത്തുന്നു. വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന ‘സീതാരാമം’, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്. സ്വപ്ന സിനിമാസിന്റെ ബാനറിൽ, അശ്വിനി ദത്ത് ചിത്രം നിർമ്മിക്കുന്നു. സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ്മ, വെണ്ണേല കിഷോർ തുടങ്ങിയവരാണ് ‘സീതാരാമ’ത്തിൽ എത്തുന്ന മറ്റു താരങ്ങൾ.
യുദ്ധ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ‘സീതാരാമം’ പറയുന്നത്. പി എസ് വിനോദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയിൽ, കോത്തഗിരി വെങ്കിടേശ്വര റാവു എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നു. വിശാൽ ചന്ദ്രശേഖർ ‘സീതാരാമ’ത്തിനുവേണ്ടി സംഗീതങ്ങൾ ഒരുക്കുന്നു. ഓഗസ്റ്റ് 5 ന് ചിത്രം തിയേറ്ററുകളിലെത്തും.