
തിരിച്ചു വരവിനൊരുങ്ങി ഭാവന; ഭാവന-ഷറഫുദ്ധീന്‍ ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു
- Stories
ഭാവനയുടെ മലയാള സിനിമയിലേക്കുള്ള തിരിച്ചു വരവായ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം കൊടുങ്ങല്ലൂരില്‍ ചിത്രീകരണം ആരംഭിച്ചു. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയില്‍ ഭാവനക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്.
ബോണ്‍ഹോമി എന്റര്ടൈന്മെന്റ്സിന്റെ ബാനറില്‍, റെനീഷ് അബ്ദുള്‍ഖാദര്‍ ചിത്രം നിര്‍മ്മിക്കുന്ന ചിത്രത്തിന് അരുണ്‍ റുഷ്ദി ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്ന് സംഗീതം ഒരുക്കിയിരിക്കുന്നു. സംവിധായകന് ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് ചിത്രത്തിന്റെ രചനയും എഡിറ്റിംഗും നിർവഹിക്കുന്നത്.
പ്രശസ്ത ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും, ഭാവന പ്രധാന കഥാപാത്രമാകുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗം ആണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്. ‘ഇഒ എലിയാവൂ കോഹൻ’ എന്ന ജൂതനായിട്ടാണ് ഷെയ്ൻ അഭിനയിക്കുന്നത്. ഗൗതം വാസുദേവ് മേനോനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി അഭിനയിക്കുന്നു. സുരേഷ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. 2002 ൽ ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച ഭാവനയുടെ അവസാന മലയാള ചിത്രം 2017 ൽ ഇറങ്ങിയ പൃഥ്വിരാജ് ചിത്രം ‘ആദം ജൊവാൻ’ആയിരുന്നു.