
ബി ടി എസിന് താൽക്കാലിക ബ്രേക്ക്; കണ്ണീരോടെ ആരാധകർ
- Stories
ആരാധകരെ ദുഃഖത്തിലാഴ്ത്തി, ബോയ് ബാൻഡ് ബി ടി എസ് ദീർഘമായ ഇടവേളയെടുക്കുന്നു. സംഗീത ആസ്വാദനത്തിന് കൊറിയൻ മുഖം നൽകിയ ബാൻഡ്, തങ്ങളുടെ ഒമ്പതാമത്തെ വാർഷികത്തോടനുബന്ധിച്ച് നടത്തിയ അത്താഴവിരുന്നിനിടെയായിരുന്നു പ്രഖ്യാപനം. ലോകവ്യാപകമായി കോടിക്കണക്കിന് ആരാധകരുള്ള കൊറിയൻ സംഗീത ബാൻഡാണ് ബിടിഎസ്. കെ പോപ്പ് മേഖലയിൽ നിന്ന്, ലോകോത്തര തലത്തിൽ ഉയർന്നു വന്ന ആദ്യ ബാൻഡും ബി ടി എസാണ്.
മുൻപ് ബി ടി എസ് അംഗങ്ങൾ താമസിച്ചിരുന്ന വീട്ടിൽ നടത്തിയ അത്താഴ വിരുന്നിനിടെയാണ്, തങ്ങൾ താൽക്കാലികമായി ഒരു ഇടവേളയെടുക്കുന്നു എന്ന് താരങ്ങൾ അറിയിച്ചത്. വിരുന്നിൽ, തങ്ങളുടെ ഓർമ്മകളും, പുതിയ പദ്ധതികളും ബി ടി എസ് അംഗങ്ങൾ ആരാധകരുമായി പങ്കുവെച്ചു. എന്നാൽ ദീർഘമായ ഇടവേള എടുക്കുന്ന താരങ്ങൾ, തങ്ങളുടെ സ്വതന്ത്ര സംഗീത ആൽബങ്ങളുമായി ഉടൻ എത്തുമെന്നും അറിയിച്ചു. ഇതിൽ, ബി ടി എസ് താരം ജെ-ഹോപാണ് ആദ്യ സോളോ സംഗീതപരിപാടിയുമായി ആരാധകർക്ക് മുന്നിലെത്തുന്നത്.
കുറച്ചു കാലത്തെ ഇടവേളക്കുശേഷം തങ്ങൾ തിരികെ വരുമെന്നും, ആരാധകരുടെ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടാകണമെന്നും പറഞ്ഞുകൊണ്ടാണ് ബി ടി എസ് ചർച്ച അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് ബി ടി എസ് തങ്ങളുടെ പുതിയ ആൽബം ‘പ്രൂഫ്’ പുറത്തിറക്കിയത്. ബി ടി എസ് സ്റ്റേജ് ഷോകൾക്ക് വേണ്ടി കാത്തിരുന്ന ആരാധകരെ, താരങ്ങളുടെ പുതിയ തീരുമാനം ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. ബാങ്താൻ സൊന്യോന്ദാൻ അഥവാ ബുള്ളറ്റ് പ്രൂഫ് ബോയ് സ്കൗട്ട്സ് എന്നാണ് ബാൻഡിന്റെ മുഴുവൻ പേര്. ആർ എം, ജെ-ഹോപ്പ്, ജിൻ, സുഗ, പാർക്ക് ജി-മിൻ, വി, ജംഗ് കൂക്ക് എന്നീ ഏഴ് പേരാണ് ബാൻഡിലുള്ളത്.