
റെക്കോഡുകള് പഴങ്കഥയാക്കി ഉലകനായകന്റെ പടയോട്ടം; ‘വിക്രം’ തരംഗം അവസാനിക്കുന്നില്ല
- Stories
ഉലക നായകൻ കമൽ ഹസ്സന്റെ വിക്രം റെക്കോർഡുകൾ ഓരോന്നായി തകർത്തു കൊണ്ട് ബോക്സ് ഓഫീസിൽ മുന്നേറി കൊണ്ടിരിക്കുന്നു. ചിത്രം പത്താം ദിവസം പിന്നിടുമ്പോൾ ആഗോള കളക്ഷനിൽ 300 കോടി പിന്നിടുകയാണ്. 210 കോടിയോളം രൂപ ഇന്ത്യയിൽ നിന്നും നേടിയ ചിത്രം കേരളത്തിൽ ഏറ്റവും കളക്ഷൻ നേടിയ തമിഴ് ചിത്രം എന്ന ഖ്യാതിയും നേടിയിരിക്കുന്നു. 31 കോടിയോളമാണ് ചിത്രം കേരളത്തിൽ നിന്നും കളക്ട് ചെയ്തത്. രജനികാന്തിന്റെ 2.o യുടെ റെക്കോർഡും വിജയുടെ ബിഗിലിന്റെ റെക്കോർഡുമാണ് കേരളത്തിൽ വിക്രം മാറി കടന്നത്.
ലോകേഷ് കനകരാജ് എഴുതി സംവിധാനം ചെയ്ത ചിത്രം ആദ്യ ദിവസം മുതലേ പ്രശംസാവഹമായ റിവ്യൂകൾ കൊണ്ട് നിറഞ്ഞിരുന്നു. ഉലക നായകന്റെ ബോക്സ് ഓഫീസ് തിരിച്ചുവരവായാണ് ചിത്രം കണക്കാക്കപ്പെടുന്നത്. കമൽ ഹസ്സനോപ്പം ഫഹദ് ഫാസിൽ, വിജയ് സേതുപതി, സൂര്യ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. തമിഴ് നാട്ടിൽ മാത്രമായി 100 കോടിക്ക് മുകളിൽ ശേഖരിച്ച ചിത്രം രണ്ടാം വാരം പൂർത്തിയാക്കുമ്പോൾ ഇനിയുമേറെ കളക്ഷൻ റെക്കോർഡുകൾ ഭേദിക്കുമെന്നാണ് സൂചന നൽകുന്നത്.
ചിത്രത്തിന്റെ വിജയത്തിന്റെ ഭാഗമായി സൂപ്പർസ്റ്റാർ ചിരഞ്ജീവി കമൽ ഹസ്സനെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു വിരുന്നൊരുക്കി ആദരിച്ചിരുന്നു. ബോളിവുഡ് താരം സൽമാൻ ഖാൻ, ലോകേഷ് കനകരാജ് തുടങ്ങിയവർ പങ്കെടുത്ത വിരുന്നിന്റെ ചില ചിത്രങ്ങൾ ചിരഞ്ജീവി ട്വിറ്ററിൽ ഷെയർ ചെയ്തിരുന്നു. ചിത്രത്തിന്റെ വിജയത്തിന് നന്ദി പറഞ്ഞു കൊണ്ട് കമൽ ഹസ്സൻ രംഗത്തു വന്നതും ശ്രദ്ധേയമായിരുന്നു. താൻ സിനിമ ശ്വസിക്കുന്നു എന്ന് കൂടി പറഞ്ഞാണ് അദ്ദേഹം ചിത്രം കണ്ടു വിജയിപ്പിച്ച ഓരോരുത്തർക്കും നന്ദി പറഞ്ഞത് .