
കലാപ്രേമികളില്‍ ആവേശമുണര്‍ത്തി കൊച്ചി-മുസിരിസ് ബിനാലെ; അഞ്ചാമത് എഡിഷന് പ്രഖ്യാപിച്ചു.
- Stories
കൊച്ചി-മുസിരിസ് ബിനാലെയുടെ അഞ്ചാമത് എഡിഷന് പ്രഖ്യാപിച്ചു. 2022 ഡിസംബർ 12 മുതൽ, 2023 ഏപ്രിൽ 10 വരെയാണ്, ബിനാലെയുടെ അഞ്ചാമത് എഡിഷൻ നടക്കുക. എൺപതോളം കലാകാരന്മാരും, 45 പുതിയ കമ്മീഷനുകൾ ഉൾപ്പെടുന്നതുമാണ് ബിനാലെയുടെ അഞ്ചാമത്തെ എഡിഷൻ. മുംബൈയിൽ ജനിച്ച, സിങ്കപ്പൂരിയൻ ആർട്ടിസ്റ്റും എഴുത്തുകാരിയുമായ, ഷുബിഗി റാവു അഞ്ചാമത്തെ എഡിഷന് നേതൃത്വം നൽകുന്നു.
രണ്ട് വർഷം കൂടുമ്പോൾ, കൊച്ചി നഗരത്തിൽ നടക്കുന്ന സമകാലീന കലയുടെ, അന്താരാഷ്ട്ര പ്രദർശനമാണ് കൊച്ചി-മുസിരിസ് ബിനാലെ. രാജ്യത്തെ തന്നെ ഏറ്റവും വലിയ കലാ പ്രദർശനവും, ഏഷ്യയിലെ ഏറ്റവും വലിയ സമകാലിക കലോത്സവവുമാണിത്. കൊച്ചി ബിനാലെ ഫൌണ്ടേഷനും, കേരള സർക്കാരും ചേർന്നാണ് ബിനാലെ നടത്തുന്നത്. കോവിഡ് പശ്ചാത്തലത്തിൽ 2020 ബിനാലെ മാറ്റിവെച്ചിരുന്നു.
ബിനാലെയിൽ ഇന്ത്യയിൽ നിന്നുള്ളവരും ഇന്ത്യക്ക് പുറത്തുള്ളവരുമായ നിരവധി കലാകാരന്മാർ, ഫിലിം, ഇൻസ്റ്റാളേഷൻ, പെയിന്റിംഗ്, ശിൽപം, നവമാധ്യമങ്ങൾ, എന്നിവ ഉൾപ്പെടെ വിവിധ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്നു. ആസ്പിൻവാൾ, പെപ്പർ ഹൗസ്, കാശി ആർട്ട് കഫേ, കബ്രാൾ യാഡ്, ഡേവിഡ് ഹാൾ എന്നിവിടങ്ങളാണ് ബിനാലെയുടെ പ്രധാന വേദികൾ. കേരള സർക്കാരിന്റെ കൾച്ചർ സെക്രട്ടറിയായിരുന്ന ഡോ. വേണു ഐ.എ.എസാണ്, കൊച്ചി-മുസിരിസ് ബിനാലെ എന്ന ആശയം ആദ്യമായി ആവിഷ്കരിച്ച് നടപ്പിലാക്കിയത്. സാമൂഹ്യമാധ്യമങ്ങളിലൂടെ, കൊച്ചി ബിനാലെ ഫൗണ്ടേഷനാണ് തീയതികൾ പ്രഖ്യാപിച്ചത്.