
ഇനി സൂപ്പര്‍ഹീറോകള്‍ക്ക് വിശ്രമിക്കാം; പ്രതിനായകന്മാരുടെ കഥയുമായി മാര്‍വലിന്റെ ‘തണ്ടര്‍ബോള്‍ട്ട്സ്’
- Stories
മാര്‍വല്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ പ്രതിനായകന്മാരുടെ സിനിമ ഒരുങ്ങുന്നു. മാര്‍വല്‍ കോമിക്സില്‍ ഏറെ പ്രശസ്തമായ ‘തണ്ടര്‍ബോള്‍ട്ട്സ്’ എന്ന ടീമാണ് ലൈവ് ആക്ഷന്‍ സിനിമയിലേക്ക് എത്താന്‍ പോകുന്നത്. മാര്‍വല്‍ സിനിമാറ്റിക് യൂനിവേഴ്സില്‍ തന്നെ മുന്‍പ് ഇറങ്ങിയ ചിത്രങ്ങളിലും സീരീസുകളിലും വന്നിട്ടുള്ള വിന്റര്‍ സോള്‍ജ്യര്‍, ബ്ലാക്ക് വിഡോ ( യെലേന ബെലോവ), ബാരന് സിമോ, യു എസ് ഏജന്റ്റ്, അബോമിനേഷന്, ഗോസ്റ്റ്, ടാസ്ക് മാസ്റ്റര്‍ എന്നിവരാണ് ചിത്രത്തില്‍ എത്തുന്നതെന്നാണ് വാര്‍ത്തകള്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വാര്‍ത്ത കൂടിയായിരുന്നു ഇത്.
റോബോട്ട് & ഫ്രാങ്ക്, പേപ്പര്‍ ടൌണ്‍സ് എന്നീ സിനിമകള്‍ സംവിധാനം ചെയ്ത ജേക്ക് ശ്രേയറിനെയാണ് ‘തണ്ടര്‍ബോള്‍ട്ട്സ്’ സംവിധാനം ചെയ്യുന്നതിനായി മാര്‍വല്‍ സ്റ്റുഡിയോസ് തിരഞ്ഞെടുത്തിരിക്കുന്നത്. സ്കാര്‍ലറ്റ് ജോഹാന്‍സന്‍ നായികയായെത്തിയ ‘ബ്ലാക്ക് വിഡോ’യുടെ രചന നിര്‍വഹിച്ച എറിക് പിയേഴ്സന് തന്നെയാണ് ‘തണ്ടര്ബോള്ട്ട്സി’നും തിരകഥ ഒരുക്കുന്നത്. മാര്‍വല്‍ സിനിമാറ്റിക് യൂനിവേഴ്സിലെ ക്യാപ്റ്റന്‍ അമേരിക്ക; ദി വിന്റെര്‍ സോള്‍ജ്യര്‍, ബ്ലാക്ക് വിഡോ, ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്, ഇന്‍ക്രഡിബിള്‍ ഹള്‍ക്ക്, ആന്റ്മാന്‍ & ദി വാസ്പ് എന്നി സിനിമകളിലൂടെയും ഫാല്‍ക്കന്‍ & ദി വിന്റര്‍ സോള്‍ജ്യര്‍ എന്ന സീരീസിലൂടെയും വന്ന ആന്റി ഹീറോ കഥാപാത്രങ്ങളാണ് ഈ ചിത്രത്തില്‍ ഒന്നിക്കുന്നത്.ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് 2023ല്‍ ആരംഭിക്കും.
മാര്‍വലിന്റെ ആദ്യ മുസ്ലിം സൂപ്പര്‍ഹീറോയെ അവതരിപ്പിച്ച ‘മിസ് മാര്‍വല്‍’ എന്ന സീരീസാണ് ഏറ്റവും ഒടുവിലായി മാര്‍വല്‍ സ്റ്റുഡിയോസ് റിലീസ് ചെയ്തിരിക്കുന്നത്. ഇതിനു മുന്‍പ് റിലീസ് ചെയ്ത ചിത്രം ‘ഡോക്ടര്‍ സ്ട്രെഞ്ച്: മള്‍ട്ടിവേഴ്സ് ഓഫ് മാഡ്നെസ്’ 900 മില്ല്യന്‍ ഡോളറിലധികമാണ് തീയറ്ററില്‍ നിന്ന് സ്വന്തമാക്കിയത്. ടയ്ക വൈറ്റിറ്റി സംവിധാനം ചെയ്ത “തോര്‍: ലവ് & തണ്ടറാ’ണ് മാര്‍വല്‍ സിനിമാറ്റിക് യൂനിവേഴ്സില്‍ നിന്ന് ഇനി വരാനിരിക്കുന്ന ചിത്രം.