
ലോക്കിയ്ക്ക് ലെക്സസ്, റോളക്സ് സാറിന് റോളക്സ്; ‘വിക്ര’ത്തിന്റെ വിജയത്തില്‍ മനസ്സ് നിറഞ്ഞ് ഉലകനായകന്
- Stories
ഉലകനായകന് കമലഹാസനും ഫഹദ് ഫാസിലും വിജയ്സേതുപതിയും ആദ്യമായി ഒന്നിച്ച ലോകേഷ് കനകരാജ് ചിത്രം ‘വിക്ര’മിന് വീരോചിതമായ വരവേല്‍പ്പാണ് തീയറ്ററുകളില്‍ ലഭിക്കുന്നത്. ആദ്യ നാലു ദിവസം കൊണ്ട് തന്നെ 200 കോടിയ്ക്കും മുകളിലാണ് ചിത്രം കൊയ്തിരിക്കുന്നത്. കേരളത്തില്‍ നിലവിലെ റെക്കോഡുകള്‍ എല്ലാം ബ്രേക്ക് ചെയ്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന തമിഴ് ചിത്രമെന്ന പുതിയ റെക്കോഡും ‘വിക്രം’ സ്ഥാപിച്ചു കഴിഞ്ഞു.
ചിത്രത്തിന്റെ വിജയത്തില്‍ ഏറെ സന്തോഷവാനായ കമല്ഹാസന് പ്രേക്ഷകരോട് എല്ലാ ഭാഷയിലും നന്ദി പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു. അതിനോടൊപ്പം തന്നെ ഈ വലിയ വിജയത്തിന് കൂടെ നിന്നവര്‍ക്ക് കമല്ഹാസന് നല്കിയ സമ്മാനങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്നത്. സംവിധായകനായ ലോകേഷ് കനകരാജിനു കമല്ഹാസന് സമ്മാനമായി നല്‍കിയത് ഏകദേശം 65 ലക്ഷം രൂപ വിലവരുന്ന ലെക്സസ് ഇ എസ് 300h മോഡല്‍ കാറാണ്. കൂടാതെ ചിത്രത്തില്‍ അസിസ്റ്റന്റ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ച പതിമൂന്നു പേര്‍ക്കും അപ്പാഷേ ആര് ടി ആര് 160 ബൈക്കുകളും അദ്ദേഹം സമ്മാനമായി നല്കി. ചിത്രത്തില്‍ വളരെ കുറച്ചു സമയം മാത്രം പ്രത്യക്ഷപ്പെട്ട്, പ്രേക്ഷകരെ അമ്പരപ്പിച്ച നടന് സൂര്യക്ക് ഒരു റോളക്സ് വാച്ചാണ് ഉലകനായകന് സമ്മാനമായി നല്‍കിയത്. ഏകദേശം 28 ലക്ഷം രൂപയാണ് ഈ റോളക്സ് വാച്ചിന് വില വരുന്നത്.
ഇനി കൂടെ മത്സരിച്ച് അഭിനയിച്ച് ഞെട്ടിച്ച ഫഹദ് ഫാസിലിനും വിജയ് സേതുപതിയ്ക്കും എന്തായിരിക്കും കമല്ഹാസന് നല്‍കുക എന്നത് ആരാധകര്‍ക്കിടയില്‍ കൗതുകകരമായ ഒരു ആകാംക്ഷ ഉണ്ടാക്കിയിട്ടൂണ്ട്. അതേ സമയം 200 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച് ‘വിക്ര’മിനൊപ്പം റിലീസ് ചെയ്ത അക്ഷയ് കുമാര്‍ ചിത്രം ‘സാമ്രാട്ട്’ വെറും 23 കോടി മാത്രമേ കളക്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ എന്നതും വിക്രമിന്റെ വന്‍വിജയമായി ആരാധകര്‍ കണക്കാക്കുന്നു