
‘വിക്രമി’ന് ശേഷം ഉലകനായകൻ മഹേഷ് നാരായണനൊപ്പം
- Stories
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത്, ജൂൺ മൂന്നിന് പുറത്തിറങ്ങിയ കമൽഹാസന്‍റെ ‘വിക്രം’ ലോകമെമ്പാടും ഹിറ്റ് ചാർട്ടിൽ ഇടം നേടി കൊണ്ടിരിക്കുമ്പോൾ, ഉലകനായകന്റെ അടുത്ത ചിത്രം ആരുടെ കൂടെയായിരിക്കും എന്ന് ഉറ്റ് നോക്കുകയാണ് ആരാധകലോകം. അടുത്തിടെ, ‘വിക്ര’ത്തിന്‍റെ പ്രൊമോഷന്റെ ഭാഗമായി നൽകിയ ഒരഭിമുഖത്തിൽ അതിനു ഉത്തരം നൽകിയിരിക്കുകയാണ് ഉലകനായകൻ. പ്രശസ്ത മലയാളി സംവിധായകൻ മഹേഷ് നാരായണനൊപ്പമാണ് കമൽഹാസന്‍റെ അടുത്ത ചിത്രം. കമൽഹാസൻ തന്നെയായിരിക്കും ചിത്രത്തിന്റെ തിരക്കഥയെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മഹേഷ് നാരായണന്‍റെ ഹിറ്റ് സിനിമയായ ‘മാലിക്കി’ന് സംഗീതമൊരുക്കിയ, യുവ സംഗീത സംവിധായകൻ സുഷിൻ ശ്യാം തന്നെയായിരിക്കും ഈ ചിത്രത്തിനും സംഗീത സംവിധാനം നിർവഹിക്കുന്നത്. സുഷിൻ ശ്യാമിന്റെ ആദ്യ തമിഴ് ചിത്രം കൂടിയായിരിക്കും ഇത്.
കമൽഹാസൻ സംവിധാനം ചെയ്ത ‘വിശ്വരൂപ’ത്തില്‍ മഹേഷ് നാരായണൻ എഡിറ്റർ ആയി പ്രവർത്തിച്ചിട്ടുണ്ട്. അന്ന് മുതലുള്ള ബന്ധമാണ് സിനിമയിലേക്ക് എത്തി നിൽക്കുന്നത്. തന്നോടൊപ്പം ഛായാഗ്രഹകനും ചിത്രസംയോജകനുമായി കരിയർ ആരംഭിച്ച മഹേഷ് നാരായണനോട് തനിക്കൊരു പ്രതിബദ്ധതയുണ്ടെന്നും, താൻ തനിക്ക് വേണ്ടി മുൻപേ തന്നെ പൂർത്തിയാക്കിയ ഒരു തിരക്കഥ ഈ ചിത്രത്തിന് വേണ്ടിയുള്ള പരിഗണനയിലാണെന്നും കമൽഹാസൻ പറയുകയുണ്ടായി.
പല ഭാഷകളിലായി 45 ഓളം ചിത്രങ്ങളുടെ എഡിറ്റർ കൂടിയായ മഹേഷ് നാരായണൻ, ഫഹദിനെ നായകനാക്കി 2021 ൽ പുറത്തിറക്കിയ ‘മാലിക്’ എന്ന ഗ്യാങ്സ്റ്റർ ചിത്രം ഇന്ത്യയൊട്ടാകെ ശ്രദ്ധ നേടിയിരുന്നു. നിലവില്‍ മഹേഷ് നാരായണൻ, കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ‘അറിയിപ്പ്’ എന്ന തന്‍റെ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളിലാണ്. അദ്ദഹത്തിന്റെ തന്നെ ആദ്യ ബോളിവുഡ് ചിത്രമായ ‘ഫാന്റം ഹോസ്പിറ്റിലി’ന്റെ പ്രീ പ്രൊഡക്ഷനും, ഒരു വർഷത്തോളമായി നടന്നുകൊണ്ടിരിക്കുകയാണ്. കമൽഹാസൻ ചിത്രം, ജൂലൈ മാസത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ട് .