
കെജിഎഫിന്റെ വിജയം ആവര്ത്തിക്കാന് ഹോംമ്പാലെ: റിഷഭ് ഷെട്ടി ചിത്രം റിലീസ് ഉറപ്പിച്ചു.
- Stories
ലോകമെമ്പാടും വൻ വിജയമായ പ്രശാന്ത് നീൽ സംവിധാനം ചെയ്ത ‘കെജിഫ് 2’വിന് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്ദുർ നിർമിച്ച് റിഷബ് ഷെട്ടി എഴുതി സംവിധാനം ചെയ്യുന്ന ‘കന്തര’ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. റിഷബ് ഷെട്ടി തന്നെ നായകനാകുന്ന ഈ ചിത്രം സെപ്റ്റംബർ 30ന് തിയേറ്ററിൽ ഇറങ്ങുമെന്ന വാർത്തയാണ് റിലീസ് പോസ്റ്ററിലൂടെ ടീം പുറത്തു വിട്ടത്. ഓഗസ്റ് 2021ൽ ഷൂട്ട് ആരംഭിച്ച് 2022 മാർച്ചോടെ ചിത്രീകരണം പൂർത്തീകരിച്ച ഈ ചിത്രത്തിന്റെ ആദ്യ ടീസർ നേരത്തെ പുറത്തു വിട്ടിരുന്നു. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഒരു യുദ്ധം എന്ന രീതിയിലാണ് ചിത്രത്തെ ടീസറിൽ അവതരിപ്പിച്ചിരിക്കുന്നത്. റിഷബ് ഷെട്ടിയുടെ നാലാം സംവിധാന സംരംഭമായ ഈ ചിത്രത്തിൽ കിഷോർ, അച്യുത് കുമാർ, സപ്തമി ഗൗഡ, പ്രമോദ് ഷെട്ടി എന്നിവരും മുഖ്യ വേഷങ്ങളിൽ എത്തുന്നു.
തനിക്ക് റിയലിസ്റ്റിക് സിനിമകൾ ഇഷ്ടമാണെങ്കിലും ‘കന്തര’യിൽ റിയലിസത്തോടൊപ്പം ഫാന്റസിയും ചേർത്തിട്ടുണ്ടെന്ന് സംവിധായകനായ റിഷബ് ഷെട്ടി അടുത്തു നടന്ന ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. ‘കന്തര’ എന്നൊരു കാടും അതിനോട് ചേർന്ന് നിൽക്കുന്ന ഒരുപാട് മനുഷ്യരുടെയും ജീവിതത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ ‘കമ്പാല ‘ എന്ന നടൻ കായിക ഇനവും പ്രതിബാധിക്കപെടുന്നുണ്ട്. ദക്ഷിണ കന്നട തീര ദേശങ്ങളിലും ഉഡുപ്പിയിലുമൊക്കെയുള്ള നെൽപ്പാടങ്ങളിൽ എല്ലാ വർഷവും അരങ്ങേറുന്ന പോത്തോട്ട മത്സരമാണ് ‘കമ്പാല’.
ദേശീയ അവാർഡ് നേടിയ ആക്ഷൻ കൊറിയോഗ്രാഫർ വിക്രം മോറിന്റെ സാന്നിധ്യവും ചിത്രം കാത്തിരിക്കുന്നതിനു ഒരു കാരണമാണ്. കെജിഫ് ഒന്നാം ഭാഗത്തിന്റെ സംഘട്ടനങ്ങൾക്ക് പിന്നിലും വിക്രം മോർ പ്രവർത്തിച്ചിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അരവിന്ദ് കശ്യപും എഡിറ്റിംഗ് കെ എം പ്രകാശുമാണ്. റിഷബ് ഷെട്ടി മുൻപ് സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും വിമർശകർക്കിടയിലും ബോക്സ് ഓഫീസിലും വൻ വിജയം തീർത്തവയായിരുന്നു.