
അമ്പരപ്പിച്ച് RRRന്റെ വിഎഫ്എക്സ് ബ്രേക്ക്ഡൌണ്‍: രാജമൌലിയെ അഭിനന്ദിച്ച് സിനിമാലോകം
- Stories
ബാഹുബലി പരമ്പരക്ക് ശേഷം രാം ചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ബ്രഹ്മാണ്ഡ സംവിധായകൻ എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ‘ആർ ആർ ആർ’ വമ്പന്‍ ബ്ലോക്ക്ബസ്റ്റര്‍ ആകുന്ന കാഴ്ചയ്ക്കാണ് ഇന്ത്യന്‍ ബോക്സ് ഓഫീസ് സാക്ഷ്യം വഹിച്ചത്. 550 കോടി മുടക്കുമുതലിൽ പുറത്തിറങ്ങിയ ചിത്രം 1200 കോടിയോളം ശേഖരിച്ച് ഇന്ത്യയിലെ ഏറ്റവും പണം നേടിയ ചിത്രങ്ങളിൽ നാലാമതായി മാറിയിരുന്നു. ചിത്രത്തിലെ ഒരു സുപ്രധാന രംഗത്തിലെ VFX വീഡിയോയാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത്. സിനിമയിലെ നായകന്മാരായ ജൂനിയര്‍ എന്‍ ടി ആറും, റാം ചരണും, പരസ്പരം കണ്ട മുട്ടുന്ന ഒരു ട്രെയിൻ സ്ഫോടനരംഗത്തിന്റെ വി.എഫ്.എക്സ് വിഡിയോയായാണ് ‘സർപ്രീസ്’ എന്ന വിദേശ കമ്പനി പുറത്തു വിട്ടിരിക്കുന്നത്.
ചിത്രത്തിന്റെ പ്രൊമോഷൻ വേളയിൽ സംവിധായകൻ രാജമൗലി ട്രെയിൻ ബ്ലാസ്റ് സീനിൽ ഉപയോഗിച്ചിരുന്നത് മിനിയേച്ചർ നിർമ്മിതികളാണെന്നു പറഞ്ഞിരുന്നുവെങ്കിലും പുറത്തിറങ്ങിയ വിഡിയോയിൽ ആ സീൻ സൃഷ്ടിക്കുന്നതിന്റെ അധ്വാനം കണ്ടു പ്രേക്ഷകർ അമ്പരന്നു പോവുകയാണ്. അമേരിക്കയിലെ വിർജീനിയയിലുള്ള ഒരു കമ്പനിയിൽ നിന്നും മിനിയേച്ചറുകളുടെ നിർമാണം മുതൽ സിനിമയിൽ കാണിച്ച ലോകം സൃഷ്ടിച്ചത് വരെയുള്ള യാത്ര വിഡിയോയിൽ അവതരിപ്പിച്ചിട്ടുണ്ട്.
ശ്രീനിവാസ് മോഹനാണ് ചിത്രത്തിന്റെ വിഷ്വൽ എഫക്ട് സൂപ്പർവൈസറായി പ്രവർത്തിച്ചത്. രാജമൗലി ഇതിനു മുൻപ് ജൂനിയർ എൻ.ടി.ആറുമായി മൂന്ന് ചിത്രങ്ങളും രാം ചരനുമായി ഒരു ചിത്രവും ചെയ്തിട്ടുണ്ടെങ്കിലും മൂവരും ഒന്നിക്കുന്നത് ആദ്യമായിട്ടായിരുന്നു. ഇവരെ കൂടാതെ ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും മുഖ്യ വേഷങ്ങളിൽ എത്തിയിരുന്നു. രാജമൗലിയുടെ പിതാവ് വിജയേന്ദ്ര പ്രസാദിന്റെ കഥയിൽ രാജമൗലി തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന് സംഗീതം നിർവ്വഹിച്ചത് പ്രശസ്ത സംഗീത സംവിധായകൻ എം .എം .കീരവാണിയായിരുന്നു. തിയേറ്റർ റിലീസ് കഴിഞ്ഞു OTT റിലീസ് ചെയ്ത ചിത്രം അവിടെയും മികച്ച അഭിപ്രായങ്ങൾ നേടിക്കൊണ്ടിരിക്കുന്നു