
രജനികാന്തിന്റെ ഏത് ചിത്രത്തിനാണ് രണ്ടാം ഭാഗം ചെയ്യുന്നത്?; വിക്രം സംവിധായകന്റെ കിടിലന്‍ മറുപടി
- Stories
രജനികാന്തിന്റെ ഒരു ചിത്രത്തിന് സീക്വൽ ചെയ്യാൻ സാധിച്ചാൽ അത് മണിരത്നം സംവിധാനം ചെയ്ത ‘ദളപതി’ക്കായിരിക്കുമെന്ന് സംവിധായകൻ ലോകേഷ് കനകരാജ്. രജനികാന്ത് വിളിച്ചു തന്റെ ചിത്രങ്ങളുടെ ലിസ്റ്റ് കൊടുത്തു അതിൽ ഏത് വേണമെങ്കിലും എടുത്ത് ഒരു രണ്ടാം ഭാഗം ചെയ്യാൻ പറയുകയാണെണെങ്കിൽ അതിൽ ഏത് ചിത്രമായിരിക്കും എടുക്കുക എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു ലോകേഷ്. ഭരദ്വാജ് രംഗന് കൊടുത്ത ഇന്റർവ്യൂയിലാണ് ലോകേഷ് തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. ചിത്രത്തിലെ രജനികാന്ത് അവതരിപ്പിച്ച സൂര്യ എന്ന കഥാപാത്രം ഇപ്പോൾ എങ്ങിനെ ആയിരിക്കും എന്ന രീതിയിൽ ഒരു രണ്ടാം ഭാഗം സാധ്യമാണെന്നാണ് ലോകേഷ് അഭിപ്രായപ്പെട്ടത്. ഇപ്പോളത്തെ ടെക്നോളജി വച്ചു ഡീ-ഏജിങ് ഒക്കെ സാധ്യമായത് കൊണ്ട് അത് രസകരമായിരിക്കുമെന്നു ഭരദ്വാജ് മറുപടി കൊടുത്തു. ലോകേഷ് കനകരാജിന്റെ കമൽ ഹസ്സൻ ചിത്രം ‘വിക്രം’ ജൂൺ 3നു റിലീസ് ചെയ്യാനിരിക്കെ ആ ചിത്രത്തിലും ഡീ-ഏജിങ് ടെക്നോളജി ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയിൽ ആദ്യമായി ഈ ടെക്നോളജി ഉപയോഗിച്ച ചിത്രവും വിക്രമാണ്.
കമൽഹാസൻ സംവിധാനം ചെയ്തതിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം ‘വിരുമാണ്ടി ‘ ആണെന്നും ഒരുപാട് ലേയറുകളുള്ള വളരെ ബുദ്ധിമുട്ടുള്ള ഒരു നോൺ ലീനിയർ സ്ക്രിപ്റ്റ് ആയ വിരുമാണ്ടി എങ്ങിനെയാണ് അദ്ദേഹം സിനിമയാക്കിയതെന്ന് തനിക്ക് ഊഹിക്കാൻ പോലും സാധിക്കുന്നില്ലെന്ന് ലോകേഷ് അഭിപ്രായപ്പെട്ടു. വിരുമാണ്ടി പോലെ തന്റെ ചിത്രമായ വിക്രമിലും കമൽ ഹസ്സനോപ്പം അതെ പ്രാധാന്യത്തോടെ മറ്റു പല കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
താൻ സിനിമകളിലെ പരാജയത്തെ ഭയക്കുന്നുവെന്നും തന്റെ പരാജയമെന്നാൽ അത് വലിയൊരു ടീമിനെ കൂടി പരാജയപെടുത്തുന്ന തരത്തിൽ ആവുമെന്നും ലോകേഷ് പറഞ്ഞു. ഒരുപാട് പടികൾ കടന്നു വന്നു ഒരാൾ സംവിധായകനാകുമ്പോൾ അയാളുടെ സ്ഥാനത്തിന് ഒരുപാട് ഉത്തരവാദിത്വങ്ങൾ ഉണ്ടെന്നും അത് തനിക്ക് നിസാരമായൊരിക്കലും കാണാനാവില്ലെന്നും ലോകേഷ് പ്രതികരിച്ചു. തന്നെ കൊണ്ട് സാധിക്കുകയാണെങ്കിൽ ഒരു കഥാപാത്രം സൃഷ്ടിച്ചു അത് വച്ചു ഒരുപാടു കാലം നീണ്ടു നിൽക്കുന്ന മൂവി സീരീസ് ഉണ്ടാക്കണമെന്ന് ആഗ്രഹവും ഇന്റർവ്യൂവിൽ ലോകേഷ് പ്രകടിപ്പിച്ചു .ഫഹദ് ഫാസിൽ, വിജയ് സേതുപതി, കമൽ ഹസ്സൻ, ചെമ്പൻ വിനോദ്, നരെയ്ൻ തുടങ്ങിയ വലിയൊരു താരനിര അണിനിരക്കുന്ന ‘വിക്രം’ ലോകേഷിന്റെ നാലാം ചിത്രമാണ്. ചിത്രം നിർമിക്കുന്നത് രാജ് കമൽ ഇന്റർനാഷണല്‍സിന്റെ ബാനറിൽ കമൽ ഹസ്സനും ആർ മഹേന്ദ്രനും ചേർന്നാണ്.ചിത്രം ജൂണ്‍ 3ന് തീയറ്ററുകളില്‍ എത്തും.