
പാടാൻ ബാക്കി വച്ച് കെ കെ വിട വാങ്ങി; കണ്ണീരോടെ ആരാധകർ
- Stories
അനേകം ഇന്ത്യൻ ഹിറ്റ് ഗാനങ്ങളിലൂടെ പ്രശസ്തനായ മലയാളി ഗായകൻ കെ കെ എന്നറിയപ്പെടുന്ന കൃഷ്ണകുമാർ കുന്നത്ത് (53) ചൊവ്വാഴ്ച്ച കൊൽക്കത്തയിൽ വച്ച് അന്തരിച്ചു. കൊൽക്കത്ത നസ്റുൽ മഞ്ചിൽ രണ്ടു ദിവസത്തെ സംഗീത പരിപാടിക്കായി വന്ന കെ കെ സ്റ്റേജിൽ വച്ച് ആകെ ക്ഷീണിതനായി വിയർത്ത് തന്റെ റൂമിലേക്ക് മടങ്ങി പോവുകയും അവിടെ വച്ച് കുഴഞ്ഞു വീഴുകയുമായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ട്. രാത്രി പത്ത് മണിയോടെ മരണം സംഭവിച്ച ശേഷമാണ് കെ കെയെ ഹോസ്പിറ്റലിൽ എത്തിച്ചതെന്ന് CMRI ഹോസ്പിറ്റൽ സ്റ്റാഫ് മാധ്യമങ്ങളോട് പറഞ്ഞു.
മലയാളികളായ സി എസ് നായരുടെയും കുന്നത്ത് കനകവല്ലിയുടെയും മകനായി ജനിച്ച കെ കെ ഡൽഹിയിലാണ് പഠിച്ചതും വളർന്നതും .എഴുന്നൂറോളം ഗാനങ്ങൾക്ക് ശബ്ദം നൽകിയ കെ കെ യുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം ബോളിവുഡിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുള്ള പല താരങ്ങളും അനുശോചനം രേഖപ്പെടുത്തി. ഭാര്യയും രണ്ടു മക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.1999 ൽ പുറത്തിറങ്ങിയ ‘പൽ’ എന്ന തന്റെ ആദ്യത്തെ സോളോ ആൽബത്തിലൂടെ തന്നെ പ്രശസ്തനായ കെ കെ പിന്നീട് ബോളിവുഡിന്റെ ഏറ്റവും പ്രിയപ്പെട്ട ശബ്ദമായി മാറുകയായിരുന്നു. ‘വോയിസ് ഓഫ് ലവ്’ എന്നായിരുന്നു കെ കെയുടെ ശബ്ദത്തെ ആരാധകർ വാഴ്ത്തിയിരുന്നത്. സംഗീതത്തിൽ പ്രത്യേക പരിശീലനമൊന്നും നേടാത്ത കെ കെ ഹിന്ദി കൂടാതെ തമിഴ്, മലയാളം, ബംഗാളി, ആസാമീസ്, കന്നഡ, മറാത്തി ഭാഷകളിലൊക്കെ ഹിറ്റുകൾ നേടിയിരുന്നു.
ഹിന്ദിയിൽ ഓം ശാന്തി ഓം, ദേവദാസ്, ഭജ്രംഗി ഭായിജാൻ തുടങ്ങിയ ചിത്രങ്ങളും തമിഴിൽ സാമി, കാക്ക കാക്ക, അന്യൻ, ഗില്ലി തുടങ്ങിയ ചിത്രങ്ങളും കെ കെ യുടെ ഹിറ്റുകളിൽ ചിലതാണ്. മലയാളത്തിൽ ദീപൻ സംവിധാനം ചെയ്ത പുതിയ മുഖത്തിൽ ‘രഹസ്യമായി’ എന്ന ഗാനം മാത്രമാണ് കെ കെ ആലപിച്ചത്. രൺവീര് സിംഗും ദീപിക പദുക്കോണും ഒന്നിച്ച ‘83’ എന്ന ചിത്രത്തിലെ ‘യേ ഹസിൽ’ എന്ന ഗാനമാണ് കെ കെ അവസാനമായി ആലപിച്ചത് .