
കാക്കിയണിഞ്ഞ് മത്സരിക്കാന്‍ ജയസൂര്യയും ആസിഫ് അലിയും; ജോൺ ലൂഥറും, കുറ്റവും ശിക്ഷയും ഒരേ ദിവസം
- Stories
ഒരേ ദിവസം റിലീസിനൊരുങ്ങി ആസിഫ് അലിയുടെയും ജയസൂര്യയുടെയും കുറ്റാന്വേഷണ ചിത്രങ്ങൾ. ജയസൂര്യയുടെ ജോൺ ലൂഥറും, ആസിഫ് അലിയുടെ കുറ്റവും ശിക്ഷയുമാണ് ഒരേ ദിവസം റിലീസിനെത്തുന്നത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ വിഭാഗത്തിൽപ്പെടുന്ന രണ്ട് സിനിമകളും മെയ് 27നാണ് തിയറ്ററുകളിൽ എത്തുന്നത്. ഒരിടവേളക്ക് ശേഷം ആസിഫ് അലിയും ജയസൂര്യയും പോലീസ് കഥാപാത്രങ്ങളിൽ എത്തുന്നു എന്ന സവിശേഷതയും ഈ ചിത്രങ്ങൾക്കുണ്ട്.
അതിൽ ഒന്നാമത്തേത് ജയസൂര്യയെ കേന്ദ്രകഥാപാത്രമാക്കി, നവാഗതനായ അഭിജിത്ത് ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ജോൺ ലൂഥർ’ ആണ്. ആത്മീയ, ദൃശ്യ രഘുനാഥ് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ഒരു ചെവിക്ക് കേള്‍വിക്കുറവ് നേരിടുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കഥാപാത്രമായാണ് സിനിമയിൽ ജയസൂര്യ എത്തുന്നത്. ജയസൂര്യ അവതരിപ്പിക്കുന്ന ജോൺ ലൂഥർ എന്ന കഥാപാത്രം അന്വേഷിക്കുന്ന 2 കേസുകളാണ് ചിത്രത്തിന്റെ പ്രേമേയം. അലോന്‍സ ഫിലിംസിന്റെ ബാനറില്‍ തോമസ്സ് പി മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് ആണ്.
രാജീവ് രവി സംവിധാനം ചെയ്ത് ആസിഫ് അലി നായകനാകുന്ന കുറ്റവും ശിക്ഷയുമാണ് റിലീസിനെത്തുന്ന അടുത്ത കുറ്റാന്വേഷണ ചിത്രം. കാസർഗോഡ് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണവും, തുടർന്ന് നടന്ന അന്വേഷണവും പ്രേമേയമാക്കി എത്തുന്ന സിനിമയാണ് കുറ്റവും ശിക്ഷയും. സണ്ണി വെയ്ൻ,ഷറഫുദീൻ അലൻസിയർ ലോപ്പസ്, സെന്തിൽ കൃഷ്ണ, ശ്രിന്ദ ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലൂടെ പ്രശസ്തനായ പോലീസ് ഉദ്യോഗസ്ഥൻ സിബി തോമസാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ഈ സിനിമക്ക് ആധാരമായ ആ യഥാർത്ഥ സംഭവം അന്വേഷിച്ചതും സിബി തോമസ് തന്നെയാണ്.