
റെക്കോഡുകള്‍ തകര്‍ത്ത് ‘ജന ഗണ മന’; പൃഥ്വിരാജ്-സുരാജ് ചിത്രം 50 കോടി ക്ലബിൽ
- Stories
തിയ്യറ്ററുകളിൽ ആഘോഷമായ ‘ജന ഗണ മന’ 50 കോടി ക്ലബ്ബിൽ. ‘ജന ഗണ മന’യുടെ നിർമാതാവ് കൂടിയായ പൃഥ്വിരാജ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത് പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമ്മൂട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമയായിരുന്നു ‘ജന ഗണ മന’. ഏപ്രിൽ 28ന് തിയറ്ററുകളിലെത്തിയ ‘ജന ഗണ മന’ 25 ദിവസം കൊണ്ടാണ് 50 കോടി ക്ലബ്ബില്‍ ഇടം നേടിയത്.
വിൻസി അലോഷ്യസ്,മംമ്ത മോഹൻദാസ്, ശാരി, ധ്രുവൻ എന്നീ താരങ്ങളും സിനിമയിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. സമകാലിക രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ചർച്ച ചെയ്ത സിനിമ തിയറ്ററുകളിൽ വൻ കയ്യടി നേടിയിരുന്നു. ഷാരിസ് മുഹമ്മദ് രചന നിർവഹിച്ച സിനിമയിൽ സുധീപ് എളമൺ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു.
ജേക്സ് ബിജോയി സംഗീതസംവിധാനം നിർവഹിചിരിക്കുന്ന ‘ജന ഗണ മന’ യിൽ ശ്രീജിത്ത് സാരംഗ് എഡിറ്റിംഗ് ചെയ്തിരിക്കുന്നു.
ക്വീൻ എന്ന സിനിമയിലൂടെ അരങ്ങേറ്റം നടത്തിയ ഡിജോ ജോസ് ആന്റണിയുടെ രണ്ടാം ചിത്രമാണ് ‘ജന ഗണ മന’. ലാൽ ജൂനിയർ സംവിധാനം ചെയ്ത ഡ്രൈവിംഗ് ലൈസൻസിനു ശേഷം പൃഥ്വിരാജ്, സുരാജ് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം കൂടിയായിരുന്നു ‘ജന ഗണ മന’.