
പത്മരാജൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; സിദ്ധാര്‍ത്ഥ ശിവയും കൃഷാന്ദും മികച്ച സംവിധായകർ
- Stories
മികച്ച കഥ, നോവല്‍, സംവിധാനം തിരക്കഥ എന്നിവയ്ക്കുള്ള 2021ലെ പി. പത്മരാജൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച സംവിധായകനുള്ള പുരസ്കാരം സിദ്ധാര്‍ത്ഥ ശിവയും കൃഷാന്ദും പങ്കിട്ടു. ‘ആണ്’ എന്ന ചിത്രത്തിലൂടെ സിദ്ധാര്‍ത്ഥ ശിവയും ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിലൂടെ കൃഷാന്ദും പുരസ്കാരത്തിനർഹരായി. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം, ആവാസവ്യൂഹ’ത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ കൃഷാന്ദ് നേടി. 15,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമാണ് അവാര്ഡ്മി. മുന്‍പ് 2021 IFFKയിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും, നെറ്റ്പാക് പുരസ്കാരവും കൃഷാന്ദിന്റെ ‘ആവാസവ്യൂഹം’ നേടിയിരുന്നു. നോവലിനുള്ള അവാര്‍ഡ് ‘124’ രചിച്ച വി. ഷിനിലാല്‍ സ്വന്തമാക്കി. 20,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. മികച്ച ചെറുകഥയ്ക്കുള്ള പുരസ്കാരം അംബികാസുതന്‍ മാങ്ങാടെഴുതിയ ‘കാരക്കുളിയൻ’ നേടി. 15,000 രൂപയും ശില്‍പ്പവും പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്.
ചലച്ചിത്ര അവാർഡുകൾ, ബീനാ പോൾ ചെയർപേഴ്സണും, വിപിൻ മോഹൻ, വിജയകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ചലച്ചിത്ര അവാർഡുകൾ നിശ്ചയിച്ചത്. സാഹിത്യ പുരസ്കാരങ്ങൾ, ഡോ.വി രാജകൃഷ്ണന്റെ അധ്യക്ഷതയിൽ ഡോ. പി.എസ് ശ്രീകലയും പ്രദീപ് പനങ്ങാടും ചേർന്ന ജൂറിയാണ് നിർണയിച്ചത്. പുരസ്കാരങ്ങൾ പിന്നീട് വിതരണം ചെയ്യുമെന്ന് പത്മരാജൻ ട്രസ്റ്റ് ചെയർമാൻ വിജയകൃഷ്ണൻ, ജനറൽസെക്രട്ടറി പ്രദീപ് പനങ്ങാട്, സെക്രട്ടറി എ ചന്ദ്രശേഖർ എന്നിവർ അറിയിച്ചു. എഴുത്തുകാരനും ചലച്ചിത്രകാരനുമായ പി. പത്മരാജന്റെ സ്മരണയ്ക്കായി പത്മരാജൻ മെമ്മോറിയൽ ട്രസ്റ്റ് സ്ഥാപിച്ചതാണ് പത്മരാജൻ പുരസ്കാരം. മലയാള ഭാഷയിലെ മികച്ച ചെറുകഥയ്ക്കും, മികച്ച ഫീച്ചർ ചിത്രത്തിനുമാണ് പുരസ്കാരങ്ങൾ നൽകുന്നത്.