
ജൂനിയര്‍ എൻടിആറിന് പിറന്നാള്‍ സമ്മാനവുമായി പ്രശാന്ത് നീല്‍
- Stories
തെലുങ്ക് സൂപ്പർ താരം എൻടിആർ ജൂനിയറിനെ കേന്ദ്രകഥാപാത്രമാക്കി കെജിഎഫ് സംവിധായകൻ പ്രശാന്ത് നീല്‍ ഒരുക്കുന്ന സിനിമയുടെ ആദ്യ പോസ്റ്റർ പുറത്ത്. എൻടിആർ ജൂനിയറിന്റെ പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്. പ്രശാന്ത് നീലും എൻടിആറും ആദ്യമായി ഒന്നിക്കുന്ന സിനിമ, മൈത്രി മൂവി മേക്കേഴ്‌സും എൻടിആർ ആർട്‌സും ചേർന്നാണ് നിർമ്മിക്കുന്നത്. സിനിമയുടെ ആദ്യ പോസ്റ്റർ, സിനിമാപ്രേമികളെ ആവേശത്തിലാക്കിയിരികുകയാണ്.
കെജിഎഫ് 2, ആർആർആർ എന്നീ സിനിമകളുടെ വമ്പന്‍ വിജയത്തിന് ശേഷം പ്രശാന്ത് നീലും എൻടിആർ ജൂനിയറും ഒന്നിക്കുന്ന ചിത്രമാണിത്. കെജിഎഫ് 2, ആർആർആർ എന്നീ സിനിമകള്‍ തെന്നിന്ത്യ ഉള്‍പ്പടെ, രാജ്യം മുഴുവന്‍ വന്‍ കളക്ഷന്‍ റെക്കോര്‍ഡുകളാണ് നേടിയത്. ബോളിവുഡിന്റെ വാണിജ്യ വിജയങ്ങളെ മറികടന്ന കെജിഎഫ്, രാജ്യമൊട്ടാകെ കന്നഡ സിനിമകള്‍ക്ക് ആരാധകരെ നേടിക്കൊടുത്തു.
പ്രശാന്ത് നീലിനെ കൂടാതെ, കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന മറ്റൊരു പ്രോജക്ട് കൂടി ജന്മദിനത്തിൽ എൻടിആർ ജൂനിയര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനതാ ഗാരേജ് എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. അനിരുദ്ധാണ് സിനിമയുടെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. നന്ദമൂരി കല്യാൺറാം അവതരിപ്പിക്കുന്ന സിനിമ , യുവസുധ ആർട്‌സ്, എൻടിആർ ആർട്‌സ് എന്നീ ബാനറുകളിലാകും റിലീസിനെത്തുന്നത്.